03/08/2026
[fontresizer_tawhidurrahmandear_widget]

‘സങ്കീർണങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നില്ല’; മഴക്കെടുതിയിൽ സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

 ‘സങ്കീർണങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നില്ല’; മഴക്കെടുതിയിൽ സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയും മറ്റു സങ്കീർണമായ പ്രശ്നങ്ങളും നേരിടുന്നതിലും അവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും യു.ഡി.എഫ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യമുണ്ടായിട്ടും കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിൽ കൃത്യമായി എത്തിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയാൽ അതിൽ ഒരു കളവെങ്കിലും ഉണ്ടാകുമെന്നും, അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലത്തും ഇതേ രീതിയിലായിരുന്നുവെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ അതീവ ഗുരുതരമായ സാഹചര്യം മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി സതീശൻ നിറവേറ്റണം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് സ്വീകരിച്ച നിഷേധാത്മക സമീപനമല്ല സി.പി.എം ഇപ്പോൾ സ്വീകരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഴുവൻ പ്രവർത്തകരും സന്നദ്ധസേവനത്തിന് ഇറങ്ങണമെന്നാണ് പാർട്ടി സംസ്ഥാന കമ്മിറ്റി നൽകിയിരിക്കുന്ന കർശന നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണമായ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പോരായ്മകൾ പൂർണ്ണമായും പരിഹരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കാനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത്. എന്തെല്ലാം മാറ്റങ്ങൾ വേണമെന്ന് പാർട്ടി ഗൗരവമായി ആലോചിക്കും. എന്നാൽ, പയ്യന്നൂരിൽ നേതൃമാറ്റമുണ്ടെന്ന തരത്തിൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: