പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി പോര് മുറുകുന്നു, എൽഡിഎഫിന്റെ അർഥം സിപിഎം മനസ്സിലാക്കണമെന്ന് ബിനോയ് വിശ്വം; ചർച്ച പരാജയം
തിരുവനന്തപുരം: ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള ഭിന്നത കൂടുതൽ വഷളാകുന്നു. വിഷയം പരിഹരിക്കുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ എ.കെ.ജി സെന്ററിൽ നടത്തിയ നിർണായക ചർച്ച പരാജയപ്പെട്ടു. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിലും ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറാകാത്തതിനെ തുടർന്ന് മുന്നണിയിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
മുന്നണിയുടെ ഒത്തൊരുമയ്ക്കും സുഗമമായ മുന്നോട്ടുപോക്കിനും വിട്ടുവീഴ്ചകൾക്ക് സി.പി.ഐ സന്നദ്ധമാണെന്നും ഇതേ സമീപനം സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ബിനോയ് വിശ്വം ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽ.ഡി.എഫ് എന്നത് ഇടതുപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും മുന്നണിയാണെന്നും, ആ തത്വങ്ങളുടെ യഥാർത്ഥ അർത്ഥം ഉൾക്കൊള്ളാൻ വലിയ പങ്കാളിയായ സി.പി.എമ്മിന് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം നേതൃത്വം. മുന്നണിയിൽ ഇത്തരമൊരു കീഴ്വഴക്കമില്ലെന്നാണ് എം.വി. ഗോവിന്ദൻ വ്യക്തമാക്കുന്നത്. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവെന്ന ചരിത്ര ഉദാഹരണമാണ് സി.പി.എം ഇതിനായി നിരത്തുന്നത്. നിലവിൽ കെ.എൻ. ബാലഗോപാലിനെ ഈ പദവിയിലേക്ക് കൊണ്ടുവരാനാണ് സി.പി.എം ആഗ്രഹിക്കുന്നത്. എന്നാൽ തങ്ങളുടെ പ്രമുഖ നേതാവായ കെ. രാജന് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നൽകണമെന്ന ആവശ്യത്തിൽ സി.പി.ഐയും ഉറച്ചുനിൽക്കുകയാണ്.