ലോകകപ്പ് വിൽപ്പന നീക്കം പാളി, സ്ഥാനം തെറിക്കുമെന്ന അവസ്ഥ; കസേര സംരക്ഷിക്കാൻ ട്രംപിന്റെ സഹായം തേടി ഫിഫ പ്രസിഡന്റ്
വാഷിങ്ടൺ: ഫിഫ ലോകകപ്പിന്റെ വലിയൊരു ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സ്ഥാനം നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും സഹായം തേടുന്നു. ജോഷുവ കുഷ്‌നറുടെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ഇക്വിറ്റി ഫേമിന് ലോകകപ്പിന്റെ 4.2 ബില്യൺ ഡോളറിന്റെ (ഏകദേശം 3.1 ബില്യൺ പൗണ്ട്) ഓഹരി വിൽക്കാനുള്ള ഇൻഫാന്റിനോയുടെ രഹസ്യ പദ്ധതി ‘ദി ടൈംസ്’ പത്രം പുറത്തുവിട്ടതോടെയാണ് ഫുട്ബോൾ ലോകത്ത് വൻ പ്രതിഷേധം ഉയർന്നത്.
യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ , കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇൻഫാന്റിനോക്കെതിരായ നീക്കങ്ങൾ കടുക്കുകയായിരുന്നു.
ഈ കടുത്ത പ്രതിസന്ധിക്കിടെ തന്റെ പദവി സംരക്ഷിക്കാൻ ഏറ്റവും വലിയ സഖ്യകക്ഷിയായ ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും സ്വാധീനിക്കാനാണ് ഇൻഫാന്റിനോ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇൻഫാന്റിനോ ഫോൺ സംഭാഷണം നടത്താൻ തീരുമാനിച്ചിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്വാധീനം ഉയർത്താൻ ഫുട്ബോളിനെ എങ്ങനെ ഉപയോഗിക്കാം എന്ന് ചർച്ച ചെയ്യാനാണ് ഈ ഫോൺ വിളി എന്ന് വരുത്തിതീർക്കാൻ നോക്കിയെങ്കിലും, സ്വന്തം കസേര രക്ഷിക്കാനുള്ള ഇൻഫാന്റിനോയുടെ അവസാന ശ്രമമാണിതെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
താൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും വലിയ പ്രമുഖരുടെ പിന്തുണ പരസ്യമായി തേടുകയാണെന്നും അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇൻഫാന്റിനോ സംഭാഷണം നടത്തുന്നുണ്ടെന്ന വാർത്ത യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡിലൻ ജോൺസൺ എക്സിലൂടെ നിഷേധിച്ചു. റൂബിയോയ്ക്ക് ഇൻഫാന്റിനോയുമായി സംസാരിക്കാൻ പദ്ധതിയില്ലെന്നും ഈ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിനെ തുടർച്ചയായി ഫോണിൽ ബന്ധപ്പെടാൻ ഇൻഫാന്റിനോ ശ്രമിച്ചെങ്കിലും വൈറ്റ് ഹൗസ് ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ലോകകപ്പ് വിൽപന പദ്ധതിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “ആര്?” എന്ന് തിരിച്ചുചോദിച്ച് ട്രംപ് ഇൻഫാന്റിനോയെ പൂർണ്ണമായി തള്ളപ്പറയുകയും ചെയ്തു. ഒരുകാലത്ത് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇൻഫാന്റിനോയ്ക്ക് ഇത് വലിയ തിരിച്ചടിയായി.
പദ്ധതി പിന്തുണച്ചാൽ ഓരോ ഫിഫ അംഗരാജ്യത്തിനും 41 മില്യൺ ഡോളർ (ഏകദേശം 30 മില്യൺ പൗണ്ട്) വീതം ലഭിക്കുമെന്നും ഇൻഫാന്റിനോ കത്തുകളിലൂടെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടതോടെ ഇൻഫാന്റിനോയുടെ വിശ്വസ്തരും ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥരുമായ ചിലർ രാജിവെച്ചു. വൈറ്റ് ഹൗസുമായുള്ള ഫിഫയുടെ പ്രധാന കണ്ണിയായിരുന്ന സീനിയർ അഡ്വൈസർ കാർലോസ് കോർഡീറോയും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെവിൻ ലാമൂറും സ്ഥാനമൊഴിഞ്ഞു.
2016-ൽ സെപ് ബ്ലാറ്ററിന് പകരക്കാരനായി അധികാരത്തിലെത്തിയ ഇൻഫാന്റിനോ, നാലാം തവണയും ഫിഫ പ്രസിഡന്റാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി 211 അംഗരാജ്യങ്ങളുടെയും പിന്തുണ നേരത്തെ ഉറപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇപ്പോൾ ഇംഗ്ലണ്ട്, വെയിൽസ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ പരസ്യമായി പിന്തുണ പിൻവലിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. യുവേഫയും കോൺകാകാഫും ചേരുന്ന 90 അംഗരാജ്യങ്ങൾ ഇൻഫാന്റിനോ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ 20 ശതമാനം രാജ്യങ്ങളുടെ പിന്തുണ മതിയെങ്കിലും അദ്ദേഹത്തെ പുറത്താക്കാൻ ഭൂരിപക്ഷം വേണം. എന്നാൽ കുവൈറ്റ്, ഖത്തർ, ശ്രീലങ്ക, ലെബനൻ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളും അദ്ദേഹത്തെ പിന്തുണച്ചേക്കും. ഏഷ്യയിലെ മറ്റ് രാജ്യങ്ങളും ന്യൂസിലൻഡും സ്വീകരിക്കുന്ന നിലപാടായിരിക്കും ഇൻഫാന്റിനോയുടെ ഭാവി നിർണ്ണയിക്കുക. നവംബർ 18-നകം പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്, മാർച്ച് മാസം നടക്കുന്ന ഫിഫ കോൺഗ്രസിലാണ് വോട്ടെടുപ്പ്.