‘മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല’- കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. സംസ്ഥാനത്തെ മദ്രസകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കിയുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ആക്ടിങ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രവർത്തി, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മറ്റൊരു മതത്തിന്റെ വരികൾ ചൊല്ലിയതുകൊണ്ട് മാത്രം ഒരാളുടെ മതവിശ്വാസത്തിന് ഭംഗം വരില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾ പ്രാർഥനകളിൽ പങ്കാളികളാകുന്നത് കോടതി ചൂണ്ടിക്കാട്ടി.
വന്ദേമാതരം ദേശീയ ഗീതം മാത്രമാണെന്നും ഇത് നിർബന്ധമാക്കാൻ കഴിയില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഈ ഉത്തരവിന്റെ പേരിൽ മദ്രസകൾക്കെതിരെ ശിക്ഷാനടപടികളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ ആശങ്കകളുടെ മാത്രം അടിസ്ഥാനത്തിൽ സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമയം അനുവദിച്ച കോടതി കേസ് മാറ്റിവെച്ചു.
അതേസമയം, വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ നിയമപരിരക്ഷ നൽകുന്ന ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ, 2026’ കഴിഞ്ഞ ആഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. വന്ദേമാതരത്തെ അവഹേളിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയുമാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്.