05/08/2026
[fontresizer_tawhidurrahmandear_widget]

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം; ഇന്ത്യയോട് മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ്

 കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം; ഇന്ത്യയോട് മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ്

മാർക്ക് സക്കർബർഗ്

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്ഫെയ്ക്ക് ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്ക് മുന്നിലാണ് മെറ്റാ മേധാവി ഖേദപ്രകടനം നടത്തിയത്. ഫെയ്‌സ്‌ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളിലാണ് ഈ നടപടി. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥനായ ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായത്. കൂടിക്കാഴ്‌ച ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ മെറ്റാ അധികൃതർ തയ്യാറായിട്ടില്ലെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മാർക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും സക്കർബർഗിന്റെ മാപ്പപേക്ഷ വരുന്നത്. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്ന് രാജ്യത്തെ യുവാക്കൾക്ക് പ്രധാനമന്ത്രി ഉറപ്പുനൽകുന്ന വീഡിയോയാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തിരുന്നത്. ഇതിനെ തുടർന്ന് മെറ്റ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തുകയും കടുത്ത ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത വിഷയത്തിൽ സക്കർബർഗ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Also read: