09/08/2026
[fontresizer_tawhidurrahmandear_widget]

‘യുവാക്കൾക്ക് ആർ.എസ്.എസിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ല’; മോഹൻ ഭാഗവതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

 ‘യുവാക്കൾക്ക് ആർ.എസ്.എസിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ല’; മോഹൻ ഭാഗവതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി നടത്തിയ സംവാദത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. ഇന്ത്യയിലെ യുവതലമുറയ്ക്ക് ആർ.എസ്.എസ് മേധാവിയുടെ യാതൊരുവിധ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വിമർശിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ തുറന്നടി.

മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ വച്ചായിരുന്നു മോഹൻ ഭാഗവത് യുവതലമുറയുമായി സംവാദം സംഘടിപ്പിച്ചത്. പുതിയ തലമുറയുമായി അടുക്കാൻ ആർ.എസ്.എസ് നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ശക്തമായി ചോദ്യം ചെയ്യുകയാണ്. ഇതിനൊപ്പം ജൂലൈ 20-ലെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഭയം മൂലമാണെന്നും പ്രിയങ്ക ആരോപിച്ചു.

അതേസമയം, ആർ.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെയും രംഗത്തെത്തി. ഭാഷയിലും രീതികളിലും മാറ്റം വരുത്തിയാലും അവരുടെ അടിസ്ഥാനപരമായ വിദ്വേഷ ആശയങ്ങളിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകളിൽ മാറ്റം വരുത്തി ജനങ്ങളെ വിഭജിക്കാനും യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. മാറിയത് ഭാഷ മാത്രമാണെന്നും സംഘപരിവാർ പഴയതുപോലെ തന്നെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവും ബി.ജെ.പിക്കെതിരെ വിമർശനം ഉന്നയിച്ചു. ജെൻ സി തലമുറയുടെ ചോദ്യങ്ങളെയും വെല്ലുവിളികളെയും പ്രതിരോധിക്കാൻ ബി.ജെ.പി മോഹൻ ഭാഗവതിനെ മുന്നിൽ നിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ ഈ വിഷയത്തിൽ മോഹൻ ഭാഗവതിന്റെ ചില പരാമർശങ്ങളെ പിന്തുണച്ചാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്തുവന്നത്. യുവാക്കളുടെ പ്രതിഷേധം രാജ്യത്തിനെതിരെയല്ല, മറിച്ച് സർക്കാരിനെതിരെയാണെന്ന വസ്തുതയും, സർക്കാരിനെ വിമർശിക്കുന്നതും രാജ്യത്തെ എതിർക്കുന്നതും രണ്ടും രണ്ടാണെന്ന കാര്യവും ആർ.എസ്.എസ് മേധാവി അംഗീകരിച്ചത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള അനാവശ്യ നടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ പുതിയ വോട്ടർമാരായ യുവാക്കളെ ഒപ്പം നിർത്താൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതിനിടയിലാണ് മോഹൻ ഭാഗവതിന്റെ സംവാദം വലിയ ചർച്ചകൾക്ക് വഴിവെച്ചത്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആർ.എസ്.എസിന്റെ നീക്കങ്ങളെ സംശയത്തോടെ നോക്കിക്കാണുമ്പോൾ, സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന ഭാഗവതിന്റെ നിലപാടിന് ഒമർ അബ്ദുല്ല നൽകിയ പിന്തുണ രാഷ്ട്രീയ വൃത്തങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.

Also read: