അമിത് ഷായെ കാണാനില്ല, ലോക്‌സഭയിൽ 12 ദിവസം ‘ആബ്സെന്റ്’; ആഭ്യന്തര മന്ത്രിയുടെ ഹാജർ പട്ടികയുമായി കെ.സി വേണുഗോപാൽ
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ആരംഭിച്ചിട്ട് 12 ദിവസമായിട്ടും ലോക്‌സഭയിൽ ഹാജരാകാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പിയും മുതിർന്ന നേതാവുമായ കെ.സി വേണുഗോപാൽ. സഭ സമ്മേളിച്ച പന്ത്രണ്ട് ദിവസങ്ങളിൽ ഒരു മിനിറ്റ് നേരം പോലും സഭാനടപടികളിൽ പങ്കെടുക്കാൻ അമിത് ഷാ തയ്യാറായിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ആഭ്യന്തര മന്ത്രി സഭയിൽ വരാതിരുന്ന ദിവസങ്ങളുടെ പട്ടികയും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
അമിത് ഷാ എന്തിനാണ് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്നതെന്നും ഒളിച്ചോടുന്നതെന്നും ചോദിച്ച വേണുഗോപാൽ, വിദ്യാർഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞേ തീരൂവെന്നും ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പ്രതികരണത്തെ കെസി രൂക്ഷമായി പരിഹസിച്ചു. രാവിലെ സഭ തുടങ്ങുന്നത് മുതൽ രാത്രി സഭ പിരിയുന്നത് വരെ അമിത് ഷാ പാർലമെന്റ് മന്ദിരത്തിൽ തന്നെയുണ്ടെന്നും, ഏത് മന്ത്രി സഭയിൽ വരണമെന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമല്ലെന്നുമായിരുന്നു റിജിജുവിന്റെ ന്യായീകരണം. എന്നാൽ, പാർലമെന്റിലെ ഏറ്റവും വലിയ തമാശയാണ് റിജിജുവിന്റെ ഈ പ്രസ്താവനയെന്ന് തിരിച്ചടിച്ച കെ.സി വേണുഗോപാൽ, ആഭ്യന്തര മന്ത്രിയെ സഭയിൽ വരുന്നതിൽ നിന്ന് ആരാണ് തടഞ്ഞതെന്നും ചോദിച്ചു. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് ബി.ജെ.പി സർക്കാരിലെ മന്ത്രിമാരുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ച്’ തടയാൻ ഭരണകൂടം ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആര് വിചാരിച്ചാലും ഈ പ്രതിഷേധം തടയാനാകില്ലെന്നും, എന്ത് പ്രതിസന്ധിയുണ്ടായാലും വിദ്യാർത്ഥികളുടെ ശബ്ദമായി മാറുന്നതിൽ നിന്ന് കോൺഗ്രസ് നേതൃത്വം ഒരടി പോലും പിന്നോട്ട് പോകില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.