18/08/2026
[fontresizer_tawhidurrahmandear_widget]

ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 പേർക്ക് പരിക്ക്

 ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 പേർക്ക് പരിക്ക്

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ ജീവനറ്റതായി റിപ്പോർട്ട്. കർണാടക ബിഡദിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറായ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടറായ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മൈസൂർ – ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

കനത്ത മഴയുള്ള സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ കൂറ്റൻ സൈൻ ബോർഡ് കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആഘാതത്തിൽ സൈൻ ബോർഡ് നിലംപതിക്കുകയും ബസ് ഒരു വശത്തേക്ക് മറിയുകയും ചെയ്തു. ബെംഗളൂരുവിൽ നിന്ന് ഏകദേശം 30 മുതൽ 40 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്താണ് ദുരന്തം സംഭവിച്ചത്.

പരിക്കേറ്റവരിൽ നാലു പേരുടെ അവസ്ഥ തികച്ചും ഗുരുതരമായി തുടരുകയാണ്. അപകടസ്ഥലത്തുണ്ടായിരുന്ന കെ.എൻ.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പരിക്കേറ്റവരെ ഉടൻ തന്നെ ബിഡദിയിലെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കുള്ളവരെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി വലിയ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ ഉടൻ തന്നെ വയനാട്ടിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകട സമയത്ത് മറ്റ് വാഹനങ്ങൾ തൊട്ടടുത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Also read: