‘കാറിൽ ഒരാൾ മാത്രമാണെങ്കിൽ നടപടിയെടുക്കണം’; കമ്മിഷണർക്ക് ഓട്ടോ ഡ്രൈവറുടെ വൈറൽ കുറിപ്പ്
കോഴിക്കോട്: ഓണക്കാലത്ത് നഗരത്തിലുണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, കാറിൽ ഒരാൾ മാത്രമായി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഷൗക്കത്തലിക്ക് മുന്നിലാണ് നഗരത്തിലെ സാധാരണക്കാരനായ നാസർ എന്ന ഓട്ടോ ഡ്രൈവർ തങ്ങളുടെ സങ്കടങ്ങളും നിർദേശവും പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ 30 വർഷമായി കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന നാസറിന്റെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ വായിക്കുകയും പങ്കുവെക്കുകയും ചെയ്തത്. പോലീസുദ്യോഗസ്ഥരടക്കം നിരവധിയാളുകൾ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്.
സ്ഥാപനങ്ങളും മാളുകളും വർധിച്ചതോടെ നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. എത്തുന്നവരിൽ 70 ശതമാനത്തോളം ആളുകളും കാറുകളിലാണ് വരുന്നത്. എന്നാൽ ഇവർക്കായി ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ല. കൂടാതെ, നഗരത്തിലെ ഓട്ടോറിക്ഷകളുടെയും ഓൺലൈൻ ടാക്സികളുടെയും എണ്ണം പെരുകിയതും സ്ഥിതി സങ്കീർണ്ണമാക്കുന്നു.
“നിലവിൽ 30 രൂപയുടെ ഓട്ടം പോയാൽ 20 രൂപയും ഇന്ധനത്തിന് ചെലവാകുന്ന അവസ്ഥയാണ്. ഓണക്കാലത്ത് തിരക്ക് പത്തുമടങ്ങ് വർധിക്കും. ആളുകൾ നഗരത്തിലേക്ക് എത്തുമെങ്കിലും ഗതാഗതക്കുരുക്ക് കാരണം ഓട്ടോയുമായി മുന്നോട്ടുപോകാൻ കഴിയില്ല,” നാസർ കുറിച്ചു. തങ്ങൾക്ക് ബോണസോ അഡ്വാൻസോ നൽകാൻ ആരുമില്ലെന്നും ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ഓണത്തിന് കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഓണം കഴിയുന്നതുവരെയെങ്കിലും ഒറ്റയ്ക്ക് കാറുകളിൽ നഗരത്തിലേക്ക് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരുടെ ദുരിതം മനസ്സിലാക്കി പോലീസ് കമ്മിഷണർ അടിയന്തരമായി ഇടപെടണമെന്നുമാണ് കുറിപ്പിലെ പ്രധാന ആവശ്യം.