18/08/2026
[fontresizer_tawhidurrahmandear_widget]

യു.എസ്.എസ് എബ്രഹാം ലിങ്കണിൽ തമ്മിൽതല്ലി യു.എസ് സൈനികർ? 7 സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് | USS Abraham Lincoln clash

 യു.എസ്.എസ് എബ്രഹാം ലിങ്കണിൽ തമ്മിൽതല്ലി യു.എസ് സൈനികർ? 7 സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് | USS Abraham Lincoln clash

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ കുന്തമുനയായ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നാവികർ തമ്മിൽ രൂക്ഷമായ ചേരിതിരിവും ഏറ്റുമുട്ടലും നടന്നതായി റിപ്പോർട്ടുകൾ(USS Abraham Lincoln clash). 359 ദിവസത്തിലധികം തുടർച്ചയായി കടലിൽ കഴിയേണ്ടി വന്നതിനെ തുടർന്നു സൈനികർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികതലത്തിൽ ഒരു സ്ഥിരീകരണവും വന്നിട്ടില്ല.

ഇറാൻ വാർത്താ ഏജൻസിയായ ‘വനാ’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കപ്പലിൽ വൻ ഏറ്റുമുട്ടൽ നടന്നതായാണു വിവരം. സംഭവത്തിൽ ഏഴ് യു.എസ് നാവികസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഇറാനെതിരെയുള്ള ‘ഓപറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പശ്ചിമേഷ്യയിൽ നിലയുറപ്പിച്ച കപ്പലിൽ നേരത്തെ തന്നെ ഭക്ഷണക്ഷാമവും ശുചിത്വമില്ലായ്മയും മൂലം കടുത്ത അസ്വസ്ഥതകൾ പുകഞ്ഞിരുന്നു. ടോയ്‌ലെറ്റുകൾ പണിമുടക്കിയെന്നും ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്നുമൊക്കെയുള്ള പരാതികൾ ഉയർത്തി സൈനികരുടെ കുടുംബങ്ങൾ തന്നെയാണു രംഗത്തെത്തിയത്. ഇക്കാര്യത്തിൽ കുടുംബവും യുഎസ് പ്രതിരോധ വൃത്തങ്ങളും തമ്മിൽ ചർച്ചയും നടന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണു കൂടുതൽ ആശങ്കപ്പെടുത്തുന്ന വാർത്തകൾ വരുന്നത്.

359 ദിവസത്തെ നരകയാതനയും മാനസിക സംഘർഷവും | USS Abraham Lincoln clash

സാധാരണയായി അമേരിക്കൻ നാവികസേനയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെ വിന്യാസ കാലാവധി ആറുമാസമാണ് (180 ദിവസം). എന്നാൽ, ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യു.എസ്.എസ് എബ്രഹാം ലിങ്കണിന്റെ വിന്യാസം പെന്റഗൺ തുടർച്ചയായി നീട്ടുകയായിരുന്നു.

നേരത്തെ ഇന്തോ-പസഫിക് സമുദ്രത്തിലെ വിന്യാനം ഉൾപ്പെടെ കപ്പൽ ഇതുവരെ തുടർച്ചയായി 359 ദിവസത്തോളം കടലിൽ ചെലവഴിച്ചു. ഇതിൽ ഭൂരിഭാഗം ദിവസങ്ങളിലും തുറമുഖങ്ങളിൽ ഇറങ്ങാനോ കുടുംബങ്ങളുമായി ബന്ധപ്പെടാനോ നാവികർക്ക് സാധിച്ചിരുന്നില്ല. ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനും, ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിൽ പങ്കെടുക്കുന്നതിനുമായി ദിവസേന 18 മുതൽ 20 മണിക്കൂർ വരെയാണ് നാവികർ ജോലി ചെയ്തിരുന്നത്.

തുടർച്ചയായി യുദ്ധക്കളത്തിൽ കഴിയുന്നത് നാവികരിൽ കടുത്ത വിഷാദമുണ്ടാക്കിയിട്ടുണ്ട്. ഇതു പെട്ടെന്നുള്ള കോപത്തിനും അക്രമവാസനയ്ക്കും വഴിവയ്ക്കുമെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

കപ്പലിൽ നടന്നതെന്ത്? ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ | USS Abraham Lincoln clash

കപ്പലിലെ നിരാശാജനകമായ അന്തരീക്ഷമാണ് ചെറിയ തർക്കത്തിൽ തുടങ്ങി മാരകമായ ചേരിതിരിവിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡെക്കിൽ ജോലി ചെയ്യുന്ന നാവികരും മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാരും തമ്മിൽ ഭക്ഷണശാലയിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ദിവസങ്ങളായി തുടരുന്ന ഭക്ഷണക്ഷാമം, കുടിവെള്ളത്തിന്റെ കുറവ്, അടഞ്ഞുകിടക്കുന്ന ശൗചാലയങ്ങൾ എന്നിവ കാരണം നാവികർക്കിടയിൽ നിലനിന്നിരുന്ന രോഷം തർക്കത്തിന്റെ തീവ്രത വർധിപ്പിച്ചു. വൈകാതെ ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള കൈയാങ്കളിയായും കപ്പലിലെ മാരകായുധങ്ങൾ വരെ ഉപയോഗിച്ചുള്ള ആക്രമണമായും മാറി.

ആക്രമണത്തിൽ ഏഴ് അമേരിക്കൻ നാവികർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തെക്കുറിച്ചുള്ള കൃത്യമായ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. വിവരങ്ങൾ പുറത്തുവിടുന്നതിന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇറാൻ മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.

എബ്രഹാം ലിങ്കണിലെ പ്രതിസന്ധി | USS Abraham Lincoln clash

യു.എസ്.എസ് അബ്രഹാം ലിങ്കണിലെ ദയനീയ സാഹചര്യങ്ങൾ ഇതാദ്യമായല്ല പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മാസങ്ങളിൽ നാവികരുടെ കുടുംബങ്ങൾ പെന്റഗണിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. സൈനികർക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്നും, ചാരനിറത്തിലുള്ള സംസ്‌കരിച്ച മാംസവും പഴകിയ ഭക്ഷണവുമാണ് വിതരണം ചെയ്യുന്നതെന്നും വ്യാപക പരാതിയുണ്ടായിരുന്നു.

കപ്പലിലെ ശുചീകരണ സംവിധാനങ്ങളും ശൗചാലയങ്ങളും അടഞ്ഞുപോയതിനാൽ മലിനജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യം വരെയുണ്ടായി. അലക്ക് യന്ത്രങ്ങൾ കേടായതിനെ തുടർന്ന് ആഴ്ചകളോളം ഒരേ വസ്ത്രങ്ങൾ തന്നെ നാവികർക്ക് ഉപയോഗിക്കേണ്ടി വന്നു. കപ്പലിൽ സപ്ലൈകൾ എത്തിക്കുന്ന ബഹ്‌റൈനിലെ യു.എസ് നാവിക താവളത്തിൽനിന്നുള്ള വിതരണ ശൃംഖല യുദ്ധം കാരണം തടസ്സപ്പെട്ടതാണ് ഇത്തരം ദയനീയ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് നാവികസേനാ ഉദ്യോഗസ്ഥർ മുൻപ് നൽകിയ വിശദീകരണം.

Also read: