പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടി: കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി ടിക്കറ്റ് തുക വെട്ടിച്ച കണ്ടക്ടർ പിടിയിലായി. പെരുമ്പാവൂർ ഡിപ്പോയിലെ മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ വിജയനെയാണ് ഇൻസ്പെക്ടർ പിടികൂടിയത്.
വാഴക്കുളം മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പണം നൽകിയ യാത്രക്കാരുടെ കൈവശം സീറോ ടിക്കറ്റാണ് ഉണ്ടായിരുന്നത്. തുടർന്ന് ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂന്ന് പുരുഷന്മാർക്ക് കൂടി ഇത്തരത്തിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തി.
ഇവരും കണ്ടക്ടർക്ക് പണം നൽകിയതായി സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. വിജയനെതിരെ നടപടിക്ക് ശുപാർശ ചെയ്ത അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറി.