18/08/2026
[fontresizer_tawhidurrahmandear_widget]

‘കേരളം കേരളം കേളികൊട്ടുയരുന്ന…’; ആനന്ദത്താൽ രാജ്യസഭയിൽ പാട്ടുപാടി സുരേഷ് ഗോപി

 ‘കേരളം കേരളം കേളികൊട്ടുയരുന്ന…’; ആനന്ദത്താൽ രാജ്യസഭയിൽ പാട്ടുപാടി സുരേഷ് ഗോപി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ രാജ്യസഭയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി. പ്രേംനസീർ ചിത്രം ‘മിനിമോൾ’ലെ “കേരളം കേരളം കേളികൊട്ടുയരുന്ന കേരളം” എന്ന പ്രശസ്തമായ ഗാനം ആലപിച്ചാണ് അദ്ദേഹം സഭയിൽ പ്രസംഗം അവസാനിപ്പിച്ചത്.

കേരളം രൂപീകൃതമായി 50 വർഷത്തിലേറെയായെങ്കിലും സംസ്ഥാനത്തിന് അനുയോജ്യമായ നാമകരണത്തിലേക്ക് എത്താൻ നരേന്ദ്ര മോദി സർക്കാർ വരേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ ഈ തീരുമാനത്തിൽ സന്തോഷിക്കുകയാണ്. 40 വർഷത്തിലധികം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ നൽകാത്ത വികസനമാണ് കേന്ദ്ര സർക്കാർ നൽകിയത്. ദേശീയപാത വികസനത്തിലായാലും റെയിൽവേയിലായാലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. വന്ദേഭാരത് ട്രെയിനുകൾ വഴി വലിയൊരു റെയിൽ വിപ്ലവത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.ടിയുടെയും വയലാറിന്റെയും ദേവരാജൻ മാഷിന്റെയുമൊക്കെ മണ്ണിനാണ് കേന്ദ്രസർക്കാർ ‘കേരളം’ എന്ന വലിയ നെറ്റിപ്പട്ടം ചാർത്തി നൽകിയതെന്നും, വികസനകാര്യത്തിൽ നരേന്ദ്ര മോദി മലയാളികളെ വാരിപ്പുണരുകയായിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നേരത്തെ ലോക്‌സഭ ചർച്ചയില്ലാതെ പാസാക്കിയ ബില്ലിനാണ് ഇപ്പോൾ രാജ്യസഭയും അംഗീകാരം നൽകിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ പേരുമാറ്റം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

Also read: