ട്രംപിന്റെ വിശ്വസ്ത പ്രസ് സെക്രട്ടറി കരോലിൻ ചുമതലയൊഴിയുന്നു; പടിയിറക്കം ട്രംപിന്റെ ജനപ്രീതി ഇടിയുന്നതിനിടെ
വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനത്തോടെ പടിയിറങ്ങുന്നു. ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരിൽ ഒരാളായ കരോലിൻ ചുമതലയൊഴിയുന്ന വിവരം യു.എസ് പ്രസിഡന്റ് ട്രംപ് ബുധനാഴ്ചയാണ് പരസ്യമാക്കിയത്. ഔദ്യോഗിക ഭരണച്ചുമതല ഒഴിഞ്ഞാലും പുറത്തുനിന്ന് തന്റെ ഉന്നത ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയിലെ ശക്തയായ സാന്നിധ്യമായും അവർ തുടരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന വ്യക്തിയാണ് ഇരുപത്തെട്ടുകാരിയായ കരോലിൻ ലീവിറ്റ്. മാധ്യമപ്രവർത്തകരുടെ കടുപ്പമേറിയ ചോദ്യങ്ങളെ മൂർച്ചയേറിയ മറുപടികളിലൂടെ നേരിട്ടും ആക്രമണോത്സുക നിലപാടുകളിലൂടെയും പ്രസ് മീറ്റുകളിൽ ശ്രദ്ധനേടിയ അവർ, ട്രംപിന്റെ ശക്തയായ പ്രതിരോധനിരക്കാരിയായാണ് അറിയപ്പെടുന്നത്. ലിബറൽ മാധ്യമങ്ങളെ ഉത്തരവാദികളാക്കാനും ട്രംപിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അപൂർവ്വ അനുഭവവുമായി കരുതുന്നുവെന്ന് കരോലിൻ പ്രതികരിച്ചു.
കുടുംബത്തിനും ചെറിയ കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായിട്ടാണ് കരോലിൻ സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ മേയ് മാസത്തിലാണ് ഇവർ രണ്ടാമത്തെ പെൺകുഞ്ഞായ വിവിയാനക്ക് ജന്മം നൽകിയത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ ട്രംപിന് നേരെ തോക്കുധാരിയായ അക്രമി നുഴഞ്ഞുകയറാൻ ശ്രമിച്ചതിനെ തുടർന്ന് ഇവർ മാതൃത്വ അവധി ഏതാനും ദിവസത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിയാനുള്ള തീരുമാനം പങ്കുവെച്ചത്.
ട്രംപിന്റെ ജനപ്രീതി റേറ്റിങ് തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിലും വരാനിരിക്കുന്ന ഇടക്കാല കോൺഗ്രസൽ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമോ എന്ന ആശങ്കകൾക്കിടയിലുമാണ് കരോലിൻ ലീവിറ്റിന്റെ ഈ അപ്രതീക്ഷിത പടിയിറക്കം.
“പ്രസിഡന്റിനുവേണ്ടി വൈറ്റ് ഹൗസ് പോഡിയത്തിൽ നിന്ന് സംസാരിക്കാൻ എനിക്ക് ലഭിച്ച അവസരത്തിൽ ഞാൻ ഏറെ കൃതജ്ഞതയുള്ളവളാണ്,” കരോലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.