കെഎസ്ആർടിസി അപകടത്തിന് കാരണം മുട്ടയേറ്? ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിൽ ദുരൂഹത; അന്വേഷണം
ബെംഗളൂരു: ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അജ്ഞാതരുടെ മുട്ടയേറിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന സംശയത്തിൽ വിപുലമായ അന്വേഷണത്തിന് ഗതാഗത മന്ത്രി നിർദേശം നൽകി.
ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. എന്നാൽ, ഡ്രൈവർക്ക് കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഇതിനിടെ, അപകടം നടന്ന പ്രദേശത്തിന് സമീപത്തു വെച്ച് ഇന്നലെ രാത്രി കേരളത്തിൽ നിന്നെത്തിയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായത് ദുരൂഹത വർധിപ്പിച്ചു.
ആദ്യ മുട്ട പതിച്ച ഉടൻ ഡ്രൈവർ വേഗത കുറയ്ക്കുകയും, തുടർന്ന് ചില്ലിൽ വീണ്ടും മുട്ടകൾ വീണപ്പോൾ വൈപ്പർ ഉപയോഗിക്കാതിരിക്കുകയും ചെയ്തതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് രണ്ടാമത്തെ ബസിലെ ഡ്രൈവറുടെ ശബ്ദസന്ദേശത്തിൽ പറയുന്നു. എക്സ്പ്രസ് വേയിൽ അമിതവേഗതയിലായിരുന്നിട്ടും ബസ് സുരക്ഷിതമായി റോഡരികിലേക്ക് മാറ്റാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
ഈ ശബ്ദസന്ദേശം കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചതോടെയാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ ആദ്യ അപകടത്തിന് പിന്നിലും മുട്ടയേറുണ്ടാകാം എന്ന സാധ്യത മുന്നിൽക്കണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്.