മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരമില്ല. ചടങ്ങുകളുടെ കാര്യപരിപാടികളിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പതാക ഉയർത്തലിനു ശേഷം ദേശീയഗാനം ആലപിച്ചു.
വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച വിവാദങ്ങളിൽ സർക്കാരിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15-ലെ ആഘോഷങ്ങളോടെ സർക്കാരിന്റെ നയം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർലമെന്റ് പാസാക്കി രാഷ്ട്രപതി വിജ്ഞാപനം ചെയ്ത നിയമപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം. ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയത് നേരത്തെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.