18/08/2026
[fontresizer_tawhidurrahmandear_widget]

‘വി.ഡി സതീശന്റെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്, അത് വിനോദവും വിജ്ഞാനവുമാണ്; പുസ്തകമാക്കണം’- പ്രശംസിച്ച് നടൻ ജഗദീഷ്

 ‘വി.ഡി സതീശന്റെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്, അത് വിനോദവും വിജ്ഞാനവുമാണ്; പുസ്തകമാക്കണം’- പ്രശംസിച്ച് നടൻ ജഗദീഷ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശൻ വളരെ എളിമയുള്ള സ്വഭാവമുള്ള മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ ബുധനാഴ്ചകളിലെ വാർത്താസമ്മേളനങ്ങൾ കാണാൻ ഏറെ താത്പര്യത്തോടെ കാത്തിരിക്കാറുണ്ടെന്നും നടൻ ജഗദീഷ്. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് ജഗദീഷ് മുഖ്യമന്ത്രിയെ പ്രശംസിച്ചത്.

വി.ഡി സതീശന്റെ ഓരോ വാർത്താസമ്മേളനവും വിനോദവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ജഗദീഷ് പറഞ്ഞു. മാധ്യമപ്രവർത്തകരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി മാതൃകാപരമാണ്. വസ്തുതകളും കണക്കുകളും കൃത്യമായി പഠിച്ച് അപഗ്രഥിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും അച്ചടിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസിലാക്കുന്ന സതീശന്റെ ഇടപെടൽ നേരിട്ടറിഞ്ഞ അനുഭവവും ജഗദീഷ് പങ്കുവെച്ചു. “ഇത് രാഷ്ട്രീയമല്ല, താൻ ഒരു നിഷ്പക്ഷനായ കലാകാരനാണ്. സർക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാനവും തനിക്ക് ആവശ്യമില്ല. അതിനാൽ തന്നെ സർക്കാരിന്റെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജനപക്ഷ നിലപാടുകൾക്ക് വിരുദ്ധമായി എന്തെങ്കിലും വന്നാൽ അതിനെ ചൂണ്ടിക്കാണിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്” – ജഗദീഷ് വ്യക്തമാക്കി.

അങ്ങനെ എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതിന് വേണ്ട പരിഹാരം കാണാൻ മുഖ്യമന്ത്രി തയ്യാറാകുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: