02/09/2026
[fontresizer_tawhidurrahmandear_widget]

‘ബി.ജെ.പിയിൽ ചേർന്നതോടെ അന്നം മുട്ടി; ഊണിനു വരെ കമ്മീഷൻ അടിക്കുന്നവരാണ് നേതാക്കൾ’: തുറന്നടിച്ച് രാമസിംഹൻ | Ramasimhan Ali Akbar against BJP leaders

 ‘ബി.ജെ.പിയിൽ ചേർന്നതോടെ അന്നം മുട്ടി; ഊണിനു വരെ കമ്മീഷൻ അടിക്കുന്നവരാണ് നേതാക്കൾ’: തുറന്നടിച്ച് രാമസിംഹൻ | Ramasimhan Ali Akbar against BJP leaders

കോഴിക്കോട്: സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെയും പാർട്ടിയുടെ പ്രവർത്തന ശൈലിക്കെതിരെയും രൂക്ഷവിമർശനവുമായി സംവിധായകനും ബി.ജെ.പി മുൻ സംസ്ഥാന സമിതി അംഗവുമായ രാമസിംഹൻ എന്ന അലി അക്ബർ(Ramasimhan Ali Akbar against BJP leaders). ബി.ജെ.പിയിൽ ചേർന്നതോടെ തന്റെ വരുമാനമാർഗങ്ങൾ പൂർണമായി ഇല്ലാതായെന്നും ഒരു രൂപയുടെ വരുമാനം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘ബിജെപിയിൽ വന്നതോടെ പണിയില്ലാതെയായി’ | Ramasimhan Ali Akbar against BJP leaders

പാർട്ടിയിൽ ചേരുന്നതിന് മുൻപ് സ്വന്തമായി സ്റ്റുഡിയോയും മറ്റു സൗകര്യങ്ങളുമുണ്ടായിരുന്ന താൻ വർഷത്തിൽ 10 മുതൽ 15 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്നുവെന്ന് രാമസിംഹൻ പറയുന്നു. എന്നാൽ, ബി.ജെ.പിയിൽ എത്തിയതോടെ അന്നംമുട്ടി. ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. പാർട്ടിയിൽ ഒരാൾ ചേരുമ്പോൾ ഷാൾ അണിയിക്കാനും ഫോട്ടോയെടുക്കാനും ആളുണ്ടാകും. എന്നാൽ, പിന്നീട് ആരും തിരിഞ്ഞുനോക്കില്ല. രാഷ്ട്രീയത്തിൽ വരുന്നവർക്ക് സ്വന്തം ജീവിതം വഴിമുട്ടുന്ന അവസ്ഥയാണെന്നും തന്നെപ്പോലെയുള്ളവരെ ഒരു കാര്യത്തിനും അടുപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ മുസ്ലിം ലീഗിലോ നിന്നിരുന്നെങ്കിൽ ആവശ്യത്തിന് സൗകര്യങ്ങളും പദവികളും സമ്പത്തും ലഭിക്കുമായിരുന്നുവെന്നും കേരള ബി.ജെ.പിയിൽ ചേർന്നതിൽ തനിക്ക് വലിയ രീതിയിൽ പശ്ചാത്താപമുണ്ടെന്നും രാമസിംഹൻ വ്യക്തമാക്കി.

‘സിനിമ കിട്ടുന്നില്ല; ചാണക സംഘി എന്ന ചാപ്പകുത്തൽ’ | Ramasimhan Ali Akbar against BJP leaders

ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെ സിനിമാ മേഖല പൂർണമായും അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ”സിനിമ നിർമിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണ്. ബി.ജെ.പി ബന്ധം വന്നാൽ ‘ചാണക സംഘി’ എന്ന് ചാപ്പകുത്തി മാറ്റിനിർത്തുന്നു. നടൻ ദേവന് കുറച്ചൊക്കെ അവസരങ്ങൾ ഉണ്ടായിരുന്നു, എന്നാൽ, ബി.ജെ.പിയിൽ എത്തിയതോടെ അതും നഷ്ടപ്പെട്ടു,” രാമസിംഹൻ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപിക്കും ഇതേ അവസ്ഥയാണ് ഉണ്ടായത്. ഉയർന്ന പ്രതിഫലം വാങ്ങി സിനിമകളിൽ സജീവമായി നിന്ന സമയത്താണ് അദ്ദേഹം പാർട്ടി ചുമതലകൾ ഏറ്റെടുത്തത്. അതോടെ ഉദ്ഘാടനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

‘ഊണിനു വരെ കമ്മീഷൻ അടിക്കുന്ന നേതാക്കൾ’ | Ramasimhan Ali Akbar against BJP leaders

കേരളത്തിലെ ബി.ജെ.പിയുടെ പ്രവർത്തനങ്ങളെല്ലാം കമ്മീഷൻ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് രാമസിംഹൻ ആരോപിച്ചു. ‘തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾക്കായി വാടകയ്ക്കെടുക്കുന്ന കാറിന് 2,000 രൂപയാണ് നിരക്കെങ്കിൽ 2,500 രൂപ നൽകാൻ ആവശ്യപ്പെടും. അതിൽ 500 രൂപ കമ്മീഷനായി തിരികെ വാങ്ങുകയും ചെയ്യുന്നു. കുന്ദമംഗലത്ത് കഴിച്ച ഊണിന് വരെ ഇത്തരത്തിൽ കമ്മീഷൻ അടിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്. 110-140 രൂപയുടെ ഊണിന് 60 രൂപ വരെ കമ്മീഷൻ വാങ്ങുന്ന അവസ്ഥയുണ്ട്.’

തെരഞ്ഞെടുപ്പുകൾ അഞ്ചു കൊല്ലത്തേക്കുള്ള പണമുണ്ടാക്കാനുള്ള മാമാങ്കമായി ചില നേതാക്കൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താൻ കൊടുവള്ളിയിൽ മത്സരിച്ചപ്പോൾ വലിയ തുക പാർട്ടി ഫണ്ടായി പിരിച്ചിട്ടും നേതാക്കൾ ചെറിയൊരു തുക മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് ഒതുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ആരെങ്കിലും വളർന്നു വന്നാൽ അവരെ താഴേക്ക് വലിച്ചിടുന്ന ഞണ്ടുകളുടെ സ്വഭാവമാണ് കേരളത്തിലെ നേതൃത്വത്തിനെന്നും രാമസിംഹൻ വിമർശിച്ചു. സംസ്ഥാന അധ്യക്ഷൻ മത്സരിച്ച തിരുവനന്തപുരം കേന്ദ്രീകരിച്ച് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. ശോഭാ സുരേന്ദ്രനെപ്പോലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം മണ്ഡലങ്ങൾ മാറ്റി മത്സരിപ്പിച്ച് പരാജയപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളത്തിൽ ബി.ജെ.പിക്ക് 30 ശതമാനം വോട്ട് നേടാനുള്ള സാധ്യതയുണ്ടെങ്കിലും അത് നേടിയെടുക്കാൻ പ്രാപ്തിയുള്ള നേതൃത്വമില്ലെന്നും ഈ രീതിയിൽ പോയാൽ പാർട്ടി ഉടനെങ്ങും രക്ഷപ്പെടില്ലെന്നും രാമസിംഹൻ തുറന്നടിച്ചു.

Also read: