‘ജെൻ സി കൊണ്ടുവരുന്നത് നല്ല മാറ്റങ്ങൾ; അവരെ കേൾക്കാനും മനസ്സിലാക്കാനും തയ്യാറാകണം’: മുന് ആർമി മേധാവി മനോജ് മുകുന്ദ് നരവാണെ
മനോജ് മുകുന്ദ് നരവാണെ
ന്യൂഡൽഹി: യുവതലമുറ തെറ്റായ പാതയിലല്ലെന്നും അവരുടെ പ്രവൃത്തികൾ രാജ്യത്തിന് ദോഷമല്ല, മറിച്ച് നല്ല മാറ്റങ്ങളാണ് കൊണ്ടുവരികയെന്നും വിരമിച്ച ആർമി മേധാവി ജനറൽ മനോജ് മുകുന്ദ് നരവാണെ. ജെൻ സി എന്ന് വിളിക്കപ്പെടുന്ന പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെ ഒറ്റയടിക്ക് തള്ളിക്കളയാതെ അവരെ കേൾക്കാനും മനസ്സിലാക്കാനും മുതിർന്നവർ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
“രാജ്യത്തിന് ഒരു ദോഷവും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. തങ്ങൾ ചെയ്യുന്നത് നന്മയ്ക്കാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ ശകാരിക്കുന്നതിന് പകരം സൗഹൃദത്തോടെ അവരെ സ്വീകരിക്കാം. ഒരാളെ ശകാരിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എന്നാൽ സ്വന്തം കുട്ടികളുടെ ചിന്താഗതിയിൽ എന്തെങ്കിലും പാളിച്ചയുണ്ടെങ്കിൽ അത് തിരുത്തി നയിക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്. അതിന് സാധിച്ചില്ലെങ്കിൽ പിന്നെ നമ്മൾ മുതിർന്നവരാണെന്ന് പറയുന്നതിൽ അർത്ഥമില്ല,” മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഓരോ തലമുറയുടെയും വളർച്ചയും ചിന്താഗതിയും വ്യത്യസ്തമാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കളുടെ ഊർജ്ജവും അവരെ നയിക്കുന്ന ഘടകങ്ങളും എന്താണെന്ന് മുതിർന്ന തലമുറ കണ്ടെത്തണം. പല വിഷയങ്ങളോടുമുള്ള യുവാക്കളുടെ സമീപനം പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായിരിക്കാം. അത് മുതിർന്നവരുടെ ചിന്തകളുമായി എപ്പോഴും യോജിക്കണമെന്നില്ലെങ്കിലും, ഈ വൈവിധ്യം മനസ്സിലാക്കി അവരുടെ കഴിവുകളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.