02/09/2026
[fontresizer_tawhidurrahmandear_widget]

‘നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം’: ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി

 ‘നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം’: ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി

അങ്കാറ: ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി നീങ്ങിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി. നെതന്യാഹുവിനും മറ്റൊരു ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് തുർക്കി നീതിന്യായ വകുപ്പ് മന്ത്രി അകിൻ ഗുർലേക് ആവശ്യപ്പെട്ടത്.

നരഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, പീഡനം, ബലമായി തടഞ്ഞുവെക്കൽ, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിച്ചവർക്ക് നേരെ നടത്തിയ സായുധ ആക്രമണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ തുർക്കി ഉന്നയിച്ചിരിക്കുന്നത്. ഗസ്സയിലെ വംശഹത്യയെ തുടർന്ന് നെതന്യാഹുവിനും മറ്റ് 37 ഇസ്രയേൽ നേതാക്കൾക്കും തുർക്കി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വംശഹത്യാക്കുറ്റവുമായി ബന്ധപ്പെട്ട് 2026 ജൂലൈ 14-നാണ് ബെഞ്ചമിൻ നെതന്യാഹുവിനും അഫെക് മോസ്കോവിച്ചിനുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ അന്താരാഷ്ട്ര തലത്തിൽ പിടികൂടുന്നതിനായി ഇൻ്റർപോൾ റെഡ് നോട്ടീസുകൾ തേടാൻ നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട രേഖകൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതായും അകിൻ ഗുർലേക് എക്‌സിൽ കുറിച്ചു.

അന്താരാഷ്ട്ര സമുദ്രത്തിൽ സന്നദ്ധപ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണവും കസ്റ്റഡിയിലെടുത്തതുമാണ് ഈ നടപടിക്ക് കാരണം. വടക്കൻ സിറിയയിലെ അതിർത്തി പ്രദേശമായ അബു-അൽ ദുഹുറിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് തുർക്കിയുടെ ഈ ശക്തമായ നീക്കം.

കഴിഞ്ഞ വർഷം നവംബറിലാണ് ഗസ്സയിലെ വംശഹത്യക്ക് നേതൃത്വം നൽകിയെന്നാരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി ഇസ്രയേൽ ക്യാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ തുർക്കി ആദ്യമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Also read: