02/09/2026
[fontresizer_tawhidurrahmandear_widget]

‘സ്വതന്ത്രമായി ജീവിച്ചോളൂ’; 105-കാരനായ കൊലക്കേസ് പ്രതിക്ക് മോചനം നൽകി സുപ്രീംകോടതി

 ‘സ്വതന്ത്രമായി ജീവിച്ചോളൂ’; 105-കാരനായ കൊലക്കേസ് പ്രതിക്ക് മോചനം നൽകി സുപ്രീംകോടതി

പശ്ചിമ ബംഗാൾ: പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 1988-ലെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 105 വയസ്സുകാരനായ റസിക് ചന്ദ്ര മണ്ഡലിന് സുപ്രീംകോടതിയുടെ വലിയ ആശ്വാസം. പ്രതിയുടെ വാർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകളും ഉയർന്ന പ്രായവും കണക്കിലെടുത്ത് സുപ്രീംകോടതി അദ്ദേഹത്തിന്റെ ബാക്കി ശിക്ഷ പൂർണ്ണമായും ഇളവ് ചെയ്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ച വേളയിൽ ഹരജിക്കാരൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ബെഞ്ച് അഭിഭാഷകനോട് ആരായുകയുണ്ടായി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ കടുത്ത ആരോഗ്യപ്രശ്‌നങ്ങളും അവശതകളും കാരണം അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് പ്രായവും ശാരീരികാവസ്ഥയും മാനിച്ച് അദ്ദേഹത്തെ ഇനിയും തടവറയിൽ സൂക്ഷിക്കുന്നത് നീതികേടാണെന്ന് നിരീക്ഷിച്ച് കോടതി ശാശ്വതമായ മോചനം അനുവദിച്ചത്.

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ 1988 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സ്വന്തം മൂന്ന് മക്കൾക്കും മറ്റ് രണ്ടുപേർക്കുമൊപ്പം കൊലക്കേസിൽ പ്രതിയാക്കപ്പെട്ട റസിക് ചന്ദ്രയെ 1994-ൽ മാൾഡ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്ന് കൽക്കട്ട ഹൈക്കോടതിയും സുപ്രീം കോടതിയും അദ്ദേഹത്തിന്റെ അപ്പീലുകൾ തള്ളുകയായിരുന്നു. ജയിൽവാസത്തിനിടെ വാർദ്ധക്യസഹജമായ അസുഖങ്ങൾ കടുത്തതോടെ, തനിക്ക് 99 വയസ്സുള്ളപ്പോൾ 2020-ലാണ് ശിക്ഷാ ഇളവ് തേടി അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

പിന്നീട് 2024 നവംബറിൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിച്ച പരമോന്നത കോടതി, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തുകയായിരുന്നു. ശിക്ഷാകാലയളവ് സാങ്കേതികമായി പൂർത്തിയായിട്ടില്ലെങ്കിൽ പോലും ഇനി അദ്ദേഹത്തെ തിരികെ ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും സുപ്രീം കോടതി നിർണ്ണായകമായി വ്യക്താക്കി.

Also read: