‘ബിജെപി ബിഗ് സീറോ, കൃത്യമായ കാഴ്ചപ്പാടില്ല; അവര്‍ പ്രവര്‍ത്തിക്കില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല’: നടൻ ദേവൻ
ദേവൻ
കൊച്ചി: ജനം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പാർട്ടി ഒരു ‘ബിഗ് സീറോ’ ആണെന്നും രൂക്ഷവിമർശനവുമായി നടൻ ദേവൻ. കേരളത്തിലെ ബിജെപി നേതാക്കൾക്ക് കൃത്യമായ കാഴ്ചപ്പാടില്ലെന്നും അവരും പ്രവർത്തിക്കില്ല മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയുടെ പാർട്ടിയായ ടിവികെ തനിക്ക് സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ച ദേവൻ, ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത് നടൻ വിജയ്‌യെ നേരിൽ കണ്ട് സംസാരിച്ച ശേഷമായിരിക്കുമെന്നും വ്യക്തമാക്കി.
ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അടുത്ത മാസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. “വിജയ് ആണ് കാര്യങ്ങൾ തീരുമാനിക്കുക. നിലവിൽ സംസ്ഥാന അധ്യക്ഷനെന്ന നിലയിലാണ് പാർട്ടി പ്രതിനിധികൾ സംസാരിച്ചത്. നിലവിലെ രാഷ്ട്രീയ സംവിധാനത്തിലുള്ള അപാകങ്ങൾ പരിഹരിക്കുന്ന പാർട്ടി വരണം. അതിനുവേണ്ടി സഹകരിക്കും. ഇവിടെ ഒരു മാറ്റം അനിവാര്യമാണ്. 2004-ൽ ഞാൻ എടുത്ത റിസ്ക് എനിക്ക് അറിയാം, അന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വില്ലനായിരുന്നു ഞാൻ. എന്നാൽ എന്റെ ചില രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി രൂപീകരിച്ചു. 2021-ൽ നാല് മണ്ഡലങ്ങളിലാണ് കേരള പീപ്പിൾസ് പാർട്ടി മത്സരിച്ചത്. അന്ന് വന്ന ചില ഭീഷണി കോളുകൾ കാരണം എനിക്ക് ചില തിരിച്ചറിവുകൾ വന്നു. പത്രങ്ങൾ മുന്നോട്ടുവെക്കുന്ന പല തീവ്രനിലപാടുകളും ഇന്ന് കൂടുതൽ വ്യക്തമാണ്,” ദേവൻ പറഞ്ഞു.
താൻ അന്ന് മുന്നോട്ടുവെച്ച പല ആശയങ്ങളുമാണ് ഇന്ന് വിജയ് ഉയർത്തിയതും വിജയിച്ചതുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബോധ്യമുള്ള സൂപ്പർ സ്റ്റാറുകൾ ഇവിടെ വളരെ കുറവാണെന്നും അവിടെയാണ് വിജയ് വ്യത്യസ്തനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ അതൃപ്തരായ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ കൂടി ഉൾപ്പെടുന്ന പ്രസ്ഥാനമാണ് നമുക്ക് വേണ്ടത്. നിലവിലെ സംവിധാനത്തെ മാറ്റുകയെന്ന കാര്യത്തിൽ ബിജെപി ഒരു ബിഗ് സീറോ ആണ്. ബിജെപി നേതാക്കൾക്ക് കൃത്യമായ കാഴ്ചപ്പാടില്ല. കേരളത്തിൽ ബിജെപിയുടെ വളർച്ച ശരിയായ ദിശയിലല്ല,” അദ്ദേഹം വ്യക്തമാക്കി.