‘മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തി; വാമനൻ നായകനും മഹാബലി വില്ലനുമാണ്’- ഡോ. കെ.എസ് രാധാകൃഷ്ണൻ
കൊച്ചി: മഹാബലിയെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ഓണസങ്കൽപ്പങ്ങളെയും ഐതിഹ്യങ്ങളെയും ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ് രാധാകൃഷ്ണൻ. മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തിയായിരുന്നുവെന്നും ഓണത്തിന്റെ കഥകളിൽ പറയുന്ന വാമനൻ നായകനും മഹാബലി വില്ലനുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ ലൈവ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്ണൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
‘മാവേലി നാടു വാണിടും കാലം’ എന്ന വരികളിലൂടെയാണ് മഹാബലി ജനകീയനായതെന്ന് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. എന്നാൽ മനുഷ്യരെല്ലാം ഒരുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു സമൂഹം പ്രായോഗികമായി സാധ്യമല്ല. എല്ലാവരും ഈശ്വരതുല്യരാകുന്ന അവസ്ഥയിലോ, അല്ലെങ്കിൽ കടുത്ത ഏകാധിപത്യ ഭരണത്തിന് കീഴിലോ മാത്രമേ മനുഷ്യർ തുല്യരാകൂ. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജാവിന്റെ കൈവശമുള്ള സമ്പത്ത് ജനങ്ങളുടെയും പ്രകൃതിയുടെയും പൊതുസ്വത്താണ്. അത് സ്വന്തം ഇഷ്ടപ്രകാരം ദാനം ചെയ്യാൻ മഹാബലിക്ക് അധികാരമില്ലായിരുന്നു. ‘ഞാനാണ് രാജ്യം, എൻ്റെ ഇഷ്ടമാണ് നിയമം’ എന്ന് കരുതി സ്വന്തം ശക്തിയിൽ ഗർവ് കാണിക്കുന്നതാണ് അസുരസ്വഭാവം. വൈലോപ്പിള്ളി ശ്രീധരമേനോൻ ആണ് ഇത് ആദ്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതൊരു ഏകാധിപതിയും ഒടുവിൽ പാതാളത്തിലേക്ക് താഴ്ത്തപ്പെടുമെന്നതാണ് ചരിത്രസത്യമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഓണത്തിന് ടൂറിസ്റ്റ് വിസയിൽ വരുന്ന ഒരാളെന്ന നിലയിലാണ് മഹാബലിയെ ജനങ്ങൾ ബഹുമാനിക്കുന്നതെന്നും വ്യക്തമാക്കി.