തലശ്ശേരി ജില്ലയാകുമോ? വടകരയും കൂത്തുപറമ്പും ഉൾപ്പെടുത്തി പുതിയ ജില്ലയ്ക്കായുള്ള നീക്കം സജീവം
തലശ്ശേരി: തലശ്ശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലെ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ഉയരുന്ന ആവശ്യം. ഐഎംഎയും തലശ്ശേരി വികസനവേദിയും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന ഈ ആവശ്യത്തിന് പിന്തുണയുമായി യുഡിഎഫ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ ജില്ലയെന്ന വിഷയം സജീവ ചർച്ചയിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയതോടെയാണ് തലശ്ശേരി കേന്ദ്രീകരിച്ച് പുതിയ ജില്ലയെന്ന പ്രതീക്ഷ നാട്ടുകാരിൽ വർധിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫിന് ഐഎംഎ സംസ്ഥാന സമിതി അംഗം ഡോ. സി.കെ രാജീവ് നമ്പ്യാരും യുഡിഎഫ് നേതാക്കളും ചേർന്ന് നിവേദനം നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ, തലശ്ശേരിയുടെ സാധ്യതകൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ.
ചരിത്രപരമായ പ്രാധാന്യവും അടിസ്ഥാന സൗകര്യങ്ങളും
250 വർഷത്തോളം ബ്രിട്ടീഷ് ഭരണത്തിൻ്റെ മലബാറിലെ സിരാകേന്ദ്രവും കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കുടക് എന്നിവയടങ്ങുന്ന പഴയ മലബാറിന്റെ ആസ്ഥാനവുമായിരുന്നു തലശ്ശേരി. 1866-ൽ സ്ഥാപിതമായ സംസ്ഥാനത്തെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക് വിപുലമായ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
സബ് കളക്ടർ ഓഫീസ്, ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ, പഴയ കോടതി സമുച്ചയം, ബ്രണ്ണൻ കോളേജ്, ലോ കോളേജ്, എൻജിനീയറിങ് കോളേജ്, സർവകലാശാല കേന്ദ്രം, എൻടിടിഎഫ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും റെയിൽ, റോഡ്, വ്യോമ യാത്രാ സൗകര്യങ്ങളും തലശ്ശേരിയെ പുതിയ ജില്ലയെന്ന പദവിക്ക് അനുയോജ്യമാക്കുന്നു.