02/09/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസ് ഏകത്വത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു; കപട പ്രചാരണത്തെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ആവശ്യം’: പി. ജയരാജൻ

 ‘ആർഎസ്എസ് ഏകത്വത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു; കപട പ്രചാരണത്തെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ആവശ്യം’: പി. ജയരാജൻ

കണ്ണൂർ: ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തുന്ന ‘ഏകത്വ’ത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും കപടമാണെന്നും ഇതിനെ ആശയപരമായി തുറന്നുകാട്ടേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന് അനിവാര്യമാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. ആർഎസ്എസിന്റെയും അവർ മുന്നോട്ടുവെക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അസമത്വവും ഭിന്നിപ്പും നിറഞ്ഞ ആശയങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ആർഎസ്എസിനെതിരായ പോരാട്ടം വ്യക്തിവിരോധത്തിന്റെ പേരിലല്ല, മറിച്ച് അവർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ആശയപരമായ പ്രതിരോധമാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ മതനിരപേക്ഷത എന്നത് വൈവിധ്യമാർന്ന ജാതി-മത-ഭാഷാ വിഭാഗങ്ങൾക്ക് തുല്യാവകാശം ഉറപ്പുനൽകുന്ന ഭരണഘടനാ തത്ത്വമാണ്. അതിനാൽ തന്നെ ഇത്തരം പ്രതിരോധങ്ങൾ തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ഒതുങ്ങാതെ വീടുകളുടെ മുറ്റങ്ങളിലും വായനശാലകളിലും നിരന്തരമായ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങളായി വളരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെക്കുറിച്ച് കണ്ണൂർ പിണറായി പാറപ്രത്ത് സി. മാധവൻ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീട്ടുമുറ്റത്തെ പുസ്തകച്ചർച്ചയെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരസ്യ പ്രവർത്തനം ആരംഭിച്ച ചരിത്രഭൂമിയിൽ, പുസ്തകം അലമാരകളിൽ ഒതുങ്ങാതെ സാധാരണക്കാരുടെ ജീവിതാനുഭവങ്ങളുമായി ചേർന്ന് രാഷ്ട്രീയബോധമായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുകയും ഭൂരിപക്ഷത്തിന്റെ പേരിൽ അധികാരം കേന്ദ്രീകരിക്കുകയും ചെയ്യുന്ന ആശയങ്ങൾക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടണമെന്നും, മതനിരപേക്ഷ ഇന്ത്യ എന്ന ആശയം ജനങ്ങളിലേക്ക് കൂടുതൽ പടരണമെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

Also read: