നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീംകോടതിയിൽ അപേക്ഷനൽകി
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ നീക്കവുമായി കേന്ദ്രം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ അഞ്ചിന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം. കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും.
ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് കേസുകൾ ഒഴിവാക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന സിജെപിയുടെ രണ്ടാം ഘട്ട പ്രതിഷേധ മാർച്ചും പ്രക്ഷോഭങ്ങളും നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്നുമാണ് സിജെപി അറിയിച്ചിട്ടുള്ളത്. സെപ്തംബർ 5ന് ഇന്ത്യാ ഗേറ്റിൽ ആരംഭിക്കുന്ന സമരം തുടർന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങും. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെയും പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെയും കുടുംബങ്ങളും യുവാക്കളുടെ സംഘടനകളും യുവാക്കളും സമരത്തിൽ പങ്കാളികളാകുമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ചിന് വിലക്കേർപ്പെടുത്തണമെന്ന ഹരജിയിൽ ഇടപെടാൻ സുപ്രിംകോടതി ഇന്ന് വിസമ്മതിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി കാണാനാകില്ലെന്നും പ്രതിഷേധക്കാർ നിയമം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.