‘എന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം, വിവരങ്ങൾ പങ്കുവെക്കരുത്’; മുന്നറിയിപ്പുമായി ടൊവിനോ തോമസ്
ടൊവിനോ തോമസ്
തന്റെ പേര് ദുരുപയോഗം ചെയ്‌ത് ആളുകൾക്ക് ആരോ വ്യാജ ഇമെയിൽ സന്ദേശം അയയ്ക്കുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ആർക്കെങ്കിലും തന്റെ പേരിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചാൽ അതിനോട് പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക ഇടപാട് നടത്തരുതെന്നും താരം സമൂഹമാധ്യമക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
‘പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആരോ എന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് നിരവധിപ്പേർക്ക് ഇമെയിൽ സന്ദേശം അയച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. tovinothomas79@gmail.com എന്ന ഐഡിയിൽ നിന്നാണ് ആളുകൾക്ക് ഇമെയിൽ സന്ദേശം എത്തിയിരിക്കുന്നത്. ഈ ഇമെയിൽ വിലാസം എന്റേതല്ല. എന്റെ പേരിൽ ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇമെയിൽ വഴി തരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, സാമ്പത്തിക ഇടപാടുകൾ നടത്തുകയോ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യരുത്. മെയിൽ ലഭിച്ചവർ അത് റിപ്പോർട്ട് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ വേണം’- താരം അഭ്യർഥിച്ചു.
ഈ സന്ദേശം മറ്റുള്ളവർക്ക് അയച്ചു കൊടുക്കണമെന്നും താനുമായെന്ന പേരിൽ ഏതെങ്കിലും തരത്തിൽ ആശയവിനിമം നടത്തുന്നതിന് മുൻപ് വസ്തുതകൾ ഉറപ്പുവരുത്തണമെന്നും ടൊവിനോ കുറിച്ചു.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ സമയത്ത് താൻ ഒരു ഫെയ്ക്ക് ഐഡി ഉണ്ടാക്കിയിരുന്നുവെന്ന് താരം കാർത്തിക് സൂര്യയുടെ പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. അത്തരം നടപടികൾ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും അത് ഡിലീറ്റ് ചെയ്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ‘ഞാനൊരിക്കൽ പെൺകുട്ടിയുടെ പേരിൽ ഒരു ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി. ശരിക്കുമുള്ള പ്രൊഫൈൽ ചിത്രം പോലും ചേർത്തിരുന്നില്ല. അക്കൗണ്ട് യഥാർഥമാണെന്ന് തോന്നിപ്പിക്കാൻ കുറച്ച് ആളുകളെ സുഹൃത്തുക്കളാക്കി. ചിലർക്കൊക്കെ അങ്ങോട്ട് റിക്വസ്‌റ്റ് അയച്ചു. അപ്പോൾ ഒരു പെൺകുട്ടി, പ്രൊഫൈൽ ചിത്രം പോലുമില്ലാത്ത ആളെ എങ്ങനെ മനസിലാക്കാനാണെന്നും അത്തരം റിക്വസ്‌റ്റുകൾ താൻ സ്വീകരിക്കാറില്ലെന്നും വെളിപ്പെടുത്തി. അപ്പോഴാണ് തനിക്കത് ഫെയ്ക്ക് ഐഡികൾ സൃഷ്ടിക്കുന്ന തലവേദനയും അതിന്റെ അപകടവും മനസിലായതെ’ന്നും താരം കൂട്ടിച്ചേർത്തു.