04/09/2026
[fontresizer_tawhidurrahmandear_widget]

‘ദലിത്-മുസ്‌ലിം വനിതകളെ ബിജെപി വേട്ടയാടുന്നു, ശബ്ദങ്ങളെ അടിച്ചമർത്തുന്നു’: വിമർശനവുമായി കോൺഗ്രസ്

 ‘ദലിത്-മുസ്‌ലിം വനിതകളെ ബിജെപി വേട്ടയാടുന്നു, ശബ്ദങ്ങളെ അടിച്ചമർത്തുന്നു’: വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ദലിത്, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവ് അൽക്ക ലാംബ വാർത്താസമ്മേളനത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

വിദ്യാർഥിനിയായ നീഷ ആസാദ്, മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിനി ആകൃതി ചൗധരി എന്നിവർക്ക് നേരെ നടന്ന സംഭവങ്ങൾ എടുത്തുകാട്ടിയാണ് കോൺഗ്രസ് രംഗത്തെത്തിയത്. സർക്കാരിന്റെയും ആർഎസ്എസിന്റെയും നിലപാടുകൾ സ്ത്രീവിരുദ്ധവും ദലിത്-മുസ്‌ലിം വിരുദ്ധവുമാണെന്ന് അൽക്ക ലാംബ കുറ്റപ്പെടുത്തി.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത നീഷ ആസാദിന്റെ പിതാവിനെ ആക്രമിച്ച സ്വാതന്ത്ര്യ ഭരദ്വാജ് എന്ന ഇൻഫ്ലുവൻസറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നീതി തേടിയെത്തിയ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവരെ ഡൽഹി പോലീസ് ക്രൂരമായി മർദ്ദിച്ചതായും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

തൊഴിലാളി സമരത്തിന് പിന്തുണ നൽകിയതിന് ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥിനി ആകൃതി ചൗധരിക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലിലടച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തത് ഭരണകൂട ഭീകരതയുടെ തെളിവാണെന്നും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. ഇത്തരം ഭീഷണികളെയും അതിക്രമങ്ങളെയും നേരിടുന്ന എല്ലാ സ്ത്രീകൾക്കുമൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമെന്നും അൽക്ക ലാംബ വ്യക്തമാക്കി.

Also read: