ആപ്പിൾ ഫോൾഡബിൾ ഐഫോൺ നിർമ്മിക്കാൻ 10 കൊല്ലത്തെ ഗവേഷണം; ടിം കുക്കിന്റെ ബിഗ് ഡ്രീം ഇന്ന് വിപണിയിലേക്ക്
സ്മാർട്ട്ഫോൺ വിപണിയെ ഒന്നാകെ പുനർനിർവചിക്കാൻ പോകുന്ന ഏറ്റവും വലിയ രൂപമാറ്റവുമായി ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മൊത്തം വിൽപ്പനയുടെ പകുതിയോളം വരുന്ന ഐഫോണിന്റെ ഇരുപത് വർഷത്തോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഡിസൈൻ മാറ്റത്തിനാണ് വരാനിരിക്കുന്ന ഫോൾഡബിൾ ഫോണിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ആപ്പിളിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റ ജോൺ ടേണസിന്റെ നേതൃത്വത്തിലാണ് പുതിയ ഫോൾഡബിൾ ഫോണിന്റെ ഔദ്യോഗിക അവതരണം നടക്കുന്നത്. ആപ്പിളിന്റെ പുതിയ ഉൽപ്പന്ന യുഗത്തിന് തുടക്കം കുറിക്കുന്ന ഈ ചടങ്ങിൽ എക്സിക്യൂട്ടീവ് ചെയർമാൻ ടിം കുക്കും പങ്കാളിയാകും.
2020-ൽ ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശന വേളയിലാണ് സാംസങ്, ഹുവാവേ തുടങ്ങിയ ബ്രാൻഡുകളുടെ മടക്കാവുന്ന ഫോണുകൾക്ക് ജനങ്ങൾക്കിടയിലുള്ള വലിയ ജനപ്രീതി ടിം കുക്കിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇത്തരമൊരു ഉൽപ്പന്നത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ടിം കുക്ക് കമ്പനിക്ക് നൽകിയ നിർദ്ദേശമാണ് ഫോൾഡബിൾ ഐഫോൺ എന്ന ആശയത്തിന് വേഗം കൂട്ടിയത്. എന്നാൽ സാംസങ് അവരുടെ ആദ്യ ഗാലക്‌സി ഫോൾഡ് 2019-ൽ വിപണിയിലിറക്കുന്നതിനും മുൻപ് തന്നെ ആപ്പിളിന്റെ ഹാർഡ്‌വെയർ എൻജിനീയറിംഗ് ടീം മടക്കാവുന്ന ഫോണുകളുടെയും ഡിസ്‌പ്ലേകളുടെയും സാങ്കേതികവിദ്യകളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടായിരുന്നു. തുടക്കത്തിൽ ഒരു ഐപാഡ് മിനിയെ മടക്കാവുന്ന രീതിയിലേക്ക് മാറ്റാനായിരുന്നു പദ്ധതി നിർദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് കൂടുതൽ ജനപ്രിയമാക്കാൻ ഫോൾഡബിൾ ഐഫോണിലേക്ക് കമ്പനി ശ്രദ്ധ മാറ്റുകയായിരുന്നു.
ആപ്പിളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും സങ്കീർണ്ണമായ ഹാർഡ്‌വെയർ പ്രൊജക്റ്റുകളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആന്തരികമായി ‘V68’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ഫോണിന് ‘ഐഫോൺ അൾട്രാ’ എന്ന പേരും മുൻപ് പരിഗണിച്ചിരുന്നു. തുടക്കത്തിൽ 1,999 ഡോളർ (ഏകദേശം $1,999) വിലയിടാനായിരുന്നു ആപ്പിൾ ലക്ഷ്യമിട്ടിരുന്നതെങ്കിലും, മെമ്മറി ചിപ്പുകളുടെ ക്ഷാമം മൂലമുള്ള അധികച്ചെലവുകൾ കാരണം വില 2,199 ഡോളർ വരെ ഉയർന്നേക്കാം. കൂടുതൽ സ്റ്റോറേജുള്ള മോഡലുകൾക്ക് 3,000 ഡോളർ വരെയോ അതിന് അടുത്തോ വില വരാനാണ് സാധ്യത. ഉയർന്ന നിരക്കാണെങ്കിലും, ആപ്പിളിന്റെ അപ്‌ഗ്രേഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമും ട്രേഡ്-ഇൻ ഓഫറുകളും വഴി വലിയ തോതിലുള്ള വിൽപ്പന തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ വർഷം 7 ദശലക്ഷം മുതൽ 10 ദശലക്ഷം വരെ ഫോൾഡബിൾ ഫോണുകൾ വിറ്റഴിക്കാനാകുമെന്നാണ് വാൾസ്ട്രീറ്റ് വിലയിരുത്തലുകൾ.
നിവർത്തുമ്പോൾ 7.8 ഇഞ്ച് വലിപ്പമുള്ള വിശാലമായ ഡിസ്‌പ്ലേയും, മടക്കിവെക്കുമ്പോൾ 5.5 ഇഞ്ച് പുറം ഡിസ്‌പ്ലേയുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. ഫോൾഡ് ചെയ്യുമ്പോൾ ഒരു പാസ്‌പോർട്ടിന്റെ വലിപ്പത്തിലും, നിവർത്തുമ്പോൾ ആപ്പിളിന്റെ മാജിക് ട്രാക്ക് പാഡിന്റെ പ്രൊപോർഷനിലും ആയിരിക്കും ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമറ സംവിധാനത്തിലും ബാറ്ററി ലൈഫിലും ചില പരിമിതികൾ ഉണ്ടായേക്കാമെങ്കിലും, അഡ്വാൻസ്ഡ് ടൈറ്റാനിയം-അലുമിനിയം ഹിഞ്ച് സിസ്റ്റവും കോർണിംഗുമായി ചേർന്ന് വികസിപ്പിച്ച ഫ്ലെക്സിബിൾ കവർ ഗ്ലാസും ഉപയോഗിച്ച് ഡിസ്‌പ്ലേയിലെ മടക്കുകൾ (crease) പരമാവധി കുറയ്ക്കാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ടച്ച് സ്‌ക്രീൻ മാക് ബുക്ക്, റോബോട്ടുകൾ, സ്മാർട്ട് ഗ്ലാസുകൾ എന്നിവയുൾപ്പെടെയുള്ള ആപ്പിളിന്റെ വൻ ഹാർഡ്‌വെയർ നിരയുടെ ആദ്യ ചുവടുവെയ്പ്പായിരിക്കും ഈ ഫോൾഡബിൾ ഫോൺ.