ബിജെപിയെ തള്ളി ട്വന്റി20; പൂതൃക്ക ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരം
കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ എൻഡിഎ മുന്നണി ബന്ധത്തെക്കുറിച്ച് യാതൊരു പരാമർശവും ട്വന്റി20 ഉൾപ്പെടുത്തിയിട്ടില്ല.
പ്രചാരണ പരിപാടികളിൽ നിന്നും ബിജെപി പ്രവർത്തകരെ പൂർണ്ണമായി മാറ്റിനിർത്തുന്ന രീതിയിലാണ് ട്വന്റി20 മുന്നോട്ട് പോകുന്നത്. ബിജെപിയുമായുള്ള മുന്നണി ബന്ധത്തെ തുടർന്ന് ട്വന്റി20ക്ക് ഭരണം നഷ്ടമായ പ്രാദേശിക തലമാണ് പൂതൃക്ക. സഖ്യ രൂപീകരണത്തിൽ പ്രതിഷേധിച്ച് ട്വന്റി20 അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോൻ രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എൻഡിഎയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പൂജ ജോമോൻ ട്വന്റി20യുടെ പ്രാഥമികാംഗത്വവും രാജിവെച്ചിരുന്നു. തനിക്ക് മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണുള്ളതെന്നും എൻഡിഎയിൽ ചേർന്ന നടപടി വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണെന്നും പൂജ വ്യക്തമാക്കിയിരുന്നു. ബിജെപി ബന്ധത്തെ എതിർത്തതോടെ പാർട്ടിയിലെ മറ്റ് വാർഡ് അംഗങ്ങൾ തന്നെ ഒറ്റപ്പെടുത്തിയതായും പൂജ ആരോപിച്ചിരുന്നു.
നേരത്തെ നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലേറിയത്. തദ്ദേശഭരണ സമിതിയിൽ കോൺഗ്രസ് – 7, ട്വന്റി20 – 7, എൽഡിഎഫ് – 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പൂജയുടെ രാജിയോടെ കോൺഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. എട്ടാം വാർഡിൽ നിന്നാണ് പൂജ വിജയിച്ചിരുന്നത്.