27/09/2026
[fontresizer_tawhidurrahmandear_widget]

റിക്കവറി ഏജന്റുമാരെ വെട്ടിക്കാൻ വ്യാജ നമ്പർ പ്ലേറ്റ്; ഒരേ നമ്പറിൽ രണ്ട് കറുത്ത ഥാറുകൾ, യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിൽ

 റിക്കവറി ഏജന്റുമാരെ വെട്ടിക്കാൻ വ്യാജ നമ്പർ പ്ലേറ്റ്; ഒരേ നമ്പറിൽ രണ്ട് കറുത്ത ഥാറുകൾ, യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിൽ

കാസർഗോഡ്: റിക്കവറി ഏജന്റുമാരിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മഹീന്ദ്ര ഥാറുമായി യുവാവ് പോലീസിന്റെ പിടിയിലായി. ബദിയഡ്കയ്ക്കടുത്തുള്ള ബേല ഗ്രാമത്തിലെ കുഞ്ഞാറിലെ ഫക്രുദ്ദീൻ ആണ് മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയിലായത്.

ഉപ്പളയ്ക്കടുത്തുള്ള കൈകമ്പയിലാണ് സംഭവം. ഫക്രുദ്ദീൻ തന്റെ കറുത്ത ഥാർ നിർത്തിയിട്ടിരുന്ന തെരുവിൽ നിന്ന് അല്പം മാറി കാസർഗോഡ് പട്ടണത്തിലെ നെല്ലിക്കുന്നിലെ ഉമ്മർ റാഷിദ് എന്നയാളും തന്റെ കറുത്ത ഥാർ പാർക്ക് ചെയ്തിരുന്നു. രണ്ട് വാഹനങ്ങൾക്കും ഒരേ രജിസ്ട്രേഷൻ നമ്പറാണ് (KL 14 AJ 3008) ഉണ്ടായിരുന്നത്. സെപ്റ്റംബർ 12 ന് പുലർച്ചെ 12.30 ഓടെ വഴിയാത്രക്കാരാണ് ഒരേ നമ്പറിലുള്ള രണ്ട് വാഹനങ്ങൾ കണ്ട് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഉമ്മർ റാഷിദിന്റേതാണ് യഥാർത്ഥ വാഹനമെന്നും, ഫക്രുദ്ദീൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുകയാണെന്നും വ്യക്തമായത്. ഫക്രുദ്ദീന്റെ ഥാറിന്റെ യഥാർത്ഥ നമ്പർ KL 14 AG 2557 ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ധനകാര്യ സ്ഥാപനത്തിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് വ്യാജ നമ്പർ ഉപയോഗിച്ചതെന്ന് ഇയാൾ മൊഴി നൽകി. സംഭവത്തിൽ വ്യാജ രജിസ്ട്രേഷന് പുറമെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനം മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

Also read: