20/10/2026
[fontresizer_tawhidurrahmandear_widget]

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയുമായി കേരള സർവകലാശാല

 കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയുമായി കേരള സർവകലാശാല

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റുകളും ക്രമക്കേടുകളും പരിശോധിക്കാൻ നാലംഗ പ്രത്യേക ഉപസമിതി രൂപീകരിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് സമിതിയെ ചുമതലപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തത്.

പ്രബന്ധത്തിൽ വ്യാപകമായ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവർണർ മുൻപ് സർവകലാശാലയ്ക്ക് കൈമാറിയെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്യണമെന്നും തുടർന്ന് വിദഗ്ധ സമിതിയെക്കൊണ്ട് സമഗ്രമായി അന്വേഷിപ്പിക്കണമെന്നുമാണ് ശശികുമാർ നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം.

‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിൽ ചിന്താ ജെറോം കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധമാണ് വിവാദത്തിന് കാരണമായത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’, പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെതാണെന്ന് പ്രബന്ധത്തിൽ തെറ്റായി രേഖപ്പെടുത്തിയത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ ‘വൈലോപ്പിള്ളി’ എന്നതിന് പകരം ‘വൈലോപ്പള്ളി’ എന്നായിരുന്നു പ്രബന്ധത്തിൽ എഴുതിയിരുന്നത്. ഇതിനുപുറമെ, ‘ബോധി കോമൺസ്’ എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ഗൗരവതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.

Also read: