‘ഇന്ത്യയുമായി ആയുധമത്സരത്തിനില്ല’; സൈനികശേഷിയെ ബഹുമാനിക്കുന്നു എന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക ശേഷിയെ പാകിസ്താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ ന്യൂഡൽഹിയുമായി ഒരു തരത്തിലുള്ള ആയുധമത്സരത്തിനും ശ്രമിക്കുന്നില്ലെന്നും പാകിസ്താൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വ്യക്തമാക്കി. അൽ അറേബ്യ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാകിസ്താൻ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു രാജ്യത്തിനെതിരെയും ആക്രമണാത്മക നിലപാടുകൾ പാകിസ്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുമായുള്ള പാകിസ്താന്റെ പുതിയ പ്രതിരോധ കരാറുകൾ കൂട്ടായ പ്രതിരോധത്തിനുള്ള ക്രമീകരണം മാത്രമാണെന്നും ആക്രമണ ലക്ഷ്യങ്ങൾ അതിനില്ലെന്നും ചൗധരി വ്യക്തമാക്കി.
2025 മെയ് മാസത്തിൽ നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് സൈനിക സംഘർഷത്തിന് ഏകദേശം 16 മാസങ്ങൾക്ക് ശേഷമാണ് ഈ പ്രതികരണം. ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. തുടർന്ന് മെയ് 10-ന് ഇരുവിഭാഗവും സൈനിക നടപടികൾ നിർത്തിവെക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം ഇന്ത്യ പ്രതിരോധ വിഹിതം ഗണ്യമായി വർധിപ്പിച്ചു. 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിനായി 7.85 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 2.19 ലക്ഷം കോടി രൂപ ആധുനികവൽക്കരണത്തിനും ആയുധ ശേഖരണത്തിനുമായാണ് മാറ്റിവെച്ചിട്ടുള്ളത്.
ഇതോടൊപ്പം വ്യോമ പ്രതിരോധ മിസൈൽ ശേഷിയും ഇന്ത്യ വിപുലീകരിക്കുന്നുണ്ട്. നാഗയലങ്കയിലെ നവദുർഗ മിസൈൽ പരീക്ഷണ കേന്ദ്രം, എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നുള്ള ‘കുഷ’ ദീർഘദൂര മിസൈലിന്റെ വിജയിച്ച പരീക്ഷണം, ബ്രഹ്മോസ്, ആകാശ്, എസ്-400 തുടങ്ങിയ സംവിധാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തോടെയുള്ള സു-57 യുദ്ധവിമാനങ്ങളുടെ നിർമ്മാണവും എഞ്ചിൻ നവീകരണവും റഷ്യ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.