27/09/2026
[fontresizer_tawhidurrahmandear_widget]

‘വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം, ഇപ്പോള്‍ പാര്‍ട്ടി മോഷണവും’: തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതില്‍ രാഹുല്‍ ഗാന്ധി 

 ‘വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം, ഇപ്പോള്‍ പാര്‍ട്ടി മോഷണവും’: തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതില്‍ രാഹുല്‍ ഗാന്ധി 

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “വോട്ട് മോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണവും” എന്ന് എക്‌സിലെ പോസ്റ്റിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എടുത്തുകളയുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ പോരാട്ടം മമതാ ബാനർജിയുടേത് മാത്രമല്ലെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടിളുടെയും ഓരോ വോട്ടർമാരുടെയും പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജനവിധി സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ജനവിധിയെ അട്ടിമറിക്കുന്ന ശക്തികളെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ അവകാശത്തർക്കവുമായി ബന്ധപ്പെട്ടാണ് തൃണമൂൽ കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവിറക്കിയത്. മമതാ ബാനർജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രതാ ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനും പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. താൽക്കാലികമായി പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാൻ ഇരുവിഭാഗങ്ങൾക്കും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

Also read: