മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധം: 21 കർഷകർക്കെതിരെ കേസ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ മോർബി ജില്ലയിലെ ജെറ്റ്പാർ ഗ്രാമത്തിൽ സെപ്റ്റംബർ 17-നായിരുന്നു സംഭവം.
നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മോർബി താലൂക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 17-ന് രാത്രി പട്രോളിങ്ങിനിടെ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 18-ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഇൻസ്പെക്ടർ നിലേഷ് എസ്. ഘേതിയ വ്യക്തമാക്കി.
നെഹുൽ അമൃതിയ, ഹർഷദ് ചതുർ അഘാര, രാജു ഭുദർ കണ്ഡിയ, ദീപക് നാഥാ സകാസണിയ, ലാൽജി ഘനശ്യാം സകാസണിയ എന്നിവരുൾപ്പെടെ 21 പേരും ചില വനിതാ കർഷകരും തിരിച്ചറിയാത്ത മറ്റു ചിലരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവർക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
കൃഷിയിടങ്ങളിൽ അദാനി എനർജി സൊല്യൂഷൻസ് ഹൈ ടെൻഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനെതിരെ ജൂൺ മുതൽ മേഖലയിൽ കർഷക പ്രക്ഷോഭം നടന്നുവരികയാണ്. പദ്ധതി ഭൂമി നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ഉയർന്ന നഷ്ടപരിഹാര ആവശ്യവും ഉന്നയിച്ച് ജൂൺ 17 മുതൽ രണ്ടാഴ്ചയോളം ഇവർ നിരാഹാര സമരവും നടത്തിയിരുന്നു.