ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ: വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ഈ മാസം 30-ലേക്ക് മാറ്റി വെച്ചു. ഇന്ന് കേസ് പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും സർക്കാരിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി.
അസുഖം കാരണം അടുത്ത തീയതി അനുവദിക്കണമെന്ന് എഎസ്ജി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കേണ്ടിയിരുന്നത്.
തങ്ങളുടെ മൂന്നാമത്തെ ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതി നടപടിയെ ചോദ്യം ചെയ്താണ് ഉമർ ഖാലിദും ഷർജീൽ ഇമാമും ഹൈക്കോടതിയെ സമീപിച്ചത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിയമത്തിലെ വകുപ്പ് 21 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
നേരത്തെ, കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പാലിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഈ വർഷം ജൂലൈ 4-ന് വിചാരണക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ വർഷം ജനുവരി 5-ന് സുപ്രീം കോടതിയിലെ അരവിന്ദ് കുമാർ, എൻ.വി അഞ്ചാരിയ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഇരുവർക്കും ജാമ്യം നിഷേധിച്ചിരുന്നു. സംരക്ഷിത സാക്ഷികളെ വിസ്തരിച്ചതിന് ശേഷമോ അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷമോ മാത്രമേ വീണ്ടും ജാമ്യം തേടാവൂ എന്നും അന്ന് ഉത്തരവിട്ടിരുന്നു.
എന്നാൽ, യുഎപിഎ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം നൽകാൻ മതിയായ കാരണമാണെന്ന 2021-ലെ കെ.എം നജീബ് കേസിലെ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി മറികടന്നാണ് ജനുവരിയിലെ ഈ ഉത്തരവെന്ന് മേയ് മാസത്തിൽ ബി.വി നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഉമറും ഷർജീലും വീണ്ടും ആദ്യം വിചാരണ കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചത്.