26/09/2026
[fontresizer_tawhidurrahmandear_widget]

‘യുപിയിൽ ഒറ്റയ്ക്ക് പോരാട്ടത്തിനില്ല, ബിജെപിയെ വീഴ്ത്താൻ സഖ്യത്തിന് തയ്യാർ’: AIMIM-ന്റെ പദ്ധതി വിശദീകരിച്ച് ഉവൈസി

 ‘യുപിയിൽ ഒറ്റയ്ക്ക് പോരാട്ടത്തിനില്ല, ബിജെപിയെ വീഴ്ത്താൻ സഖ്യത്തിന് തയ്യാർ’: AIMIM-ന്റെ പദ്ധതി വിശദീകരിച്ച് ഉവൈസി

ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റിനിർത്താൻ സമാന ചിന്താഗതിയുള്ള പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ബിജെപി വീണ്ടും യുപിയിൽ അധികാരത്തിലെത്തരുതെന്നാണ് ആഗ്രഹമെന്നും അതിനാൽ സഖ്യസാധ്യതകൾക്ക് പാർട്ടി ഒരുക്കമാണെന്നും ഉവൈസി പറഞ്ഞു. അതേസമയം, എഐഎംഐഎമ്മിനെ ബിജെപിയുടെ ‘ബി-ടീം’ എന്ന് വിശേഷിപ്പിക്കുന്ന സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുമ്പ് സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്നപ്പോഴും തുടർന്നുണ്ടായ തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളിലും എഐഎംഐഎമ്മിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് അഖിലേഷ് സ്വീകരിച്ചത്. സ്വന്തം വീഴ്ചകൾ തിരിച്ചറിയാതെ ആത്മപരിശോധന നടത്താൻ തയാറാകാത്തതാണ് എസ്പിയുടെ പരാജയത്തിന് കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി. മുൻപ് ബീഹാർ തെരഞ്ഞെടുപ്പ് വേളയിലും സഖ്യത്തിനായി ശ്രമിച്ചെങ്കിലും ആറ് സീറ്റുകൾ നൽകാൻ പോലും പ്രതിപക്ഷം തയ്യാറായില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

യുപിയിൽ നിലവിൽ പാർട്ടി സംഘടനാ സംവിധാനം കൂടുതൽ ശക്തമാണെന്നും താഴെത്തട്ടിൽ നിന്ന് പുതിയ നേതൃത്വം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും സഖ്യം സംബന്ധിച്ച നിർണായക തീരുമാനം ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

Also read: