‘ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ളയാൾ; ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ട്’: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉപദേശിച്ചെന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് പിന്തുണയുമായി കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുള്ള ആളാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനശൈലി കണ്ടതിനു ശേഷം കഴിഞ്ഞ നവംബറിൽ താൻ അദ്ദേഹത്തിന് കത്തയച്ചിരുന്നതായി മീണ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും ബി.ജെ.പി സർക്കാരിനെ സഹായിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സൗഹാർദ്ദപരമായ ആ കത്ത്. എന്നാൽ മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് ഡിസംബറിൽ മറ്റ് കമ്മീഷൻ അംഗങ്ങളായ സുഖ്ബിർ സിങ് സന്ധുവിനും വിവേക് ജോഷിക്കും ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കത്തയച്ചു. ഈ കത്ത് ലഭിച്ച ശേഷമാണ് ഗ്യാനേഷിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ മറ്റു കമ്മീഷണർമാർ ചോദ്യം ചെയ്യാൻ തുടങ്ങിയതെന്നും ടിക്കാറാം മീണ പറഞ്ഞു. ബിഹാറിലും ബംഗാളിലും ഉൾപ്പെടെ ബി.ജെ.പിയെ സഹായിക്കാനായി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് എസ്.ഐ.ആർ നടത്തിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
2019-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തൽ. 2016-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് ആലോചിക്കുന്നതെന്ന് പറഞ്ഞപ്പോൾ, 2019-ൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് എം.പി.യും മന്ത്രിയുമാകാൻ ഗ്യാനേഷ് കുമാർ ഉപദേശിക്കുകയായിരുന്നുവെന്ന് ജിജി തോംസൺ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലേക്കുള്ള സംയുക്ത വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം നടന്നതെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താല്പര്യമില്ലാത്തതിനാൽ ആ നിർദ്ദേശം നിരസിക്കുകയായിരുന്നുവെന്നും ജിജി തോംസൺ പറഞ്ഞു.