ഉജ്ജയിനിലെ ഷാഹി മസ്ജിദ് പൊളിക്കാൻ നീക്കം; പള്ളിക്കകത്ത് ഒരുമിച്ച് പ്രതിരോധിച്ച് വിശ്വാസികൾ; വൻ പ്രതിഷേധം | Ujjain Shahi Masjid Demolition Protest
ഭോപ്പാൽ: 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്കായുള്ള റോഡ് വികസനത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ വൻ പ്രതിഷേധം(Ujjain Shahi Masjid Demolition Protest). പൊളിക്കൽ നടപടികൾ തടയാനായി നൂറുകണക്കിന് വിശ്വാസികൾ ശനിയാഴ്ച രാത്രി മുതൽ പള്ളിക്കകത്തും പുറത്തുമായി തടിച്ചുകൂടി കുത്തിയിരുന്ന് പ്രാർഥനകളും പ്രതിഷേധവും നടത്തി. അർധരാത്രിയോടെ സംഘർഷാവസ്ഥ ഉടലെടുത്തതിനെത്തുടർന്ന് വൻ പോലീസ് സന്നാഹത്തെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും (ആർഎഎഫ്) പള്ളി പരിസരത്ത് വിന്യസിക്കുകയും ബാരിക്കേഡുകൾ തീർക്കുകയും ചെയ്തിട്ടുണ്ട്.
ഛത്രി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ഗോപാൽ മന്ദിർ പാതയിൽ 15 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിനായാണ് ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ പള്ളിയുടെ ഭാഗങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയത്(Ujjain Shahi Masjid Demolition Protest). കുംഭമേളയോടനുബന്ധിച്ച് കോടിക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കണ്ഠാൽ മുതൽ ഗോപാൽ മന്ദിർ വരെയുള്ള പാത വീതികൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ വാദം. പ്രദേശത്തെ പത്തോളം ക്ഷേത്രങ്ങളുടെയും ഒരു പള്ളിയുടെയും തടസ്സങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും പൊതുതാത്പര്യം മുൻനിർത്തിയാണ് നടപടിയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി | Ujjain Shahi Masjid Demolition Protest
മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹരജി തള്ളിയിരുന്നു. വിശാലമായ പൊതുതാത്പര്യവും സിംഹസ്ഥ കുംഭമേളയുടെ പ്രാധാന്യവും പരിഗണിച്ച് സ്വീകരിച്ച നടപടിയിൽ ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് സന്ദീപ് എൻ ഭട്ടിന്റെ നിരീക്ഷണം. തുടർന്ന് ഈ വിധിക്കെതിരെ മസ്ജിദ് ട്രസ്റ്റ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തു. അപ്പീൽ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ച പശ്ചാത്തലത്തിൽ, തിങ്കളാഴ്ച കോടതിയിൽ വാദം കേൾക്കുന്നതിന് മുൻപ് ഭരണകൂടം പൊളിക്കൽ നടപടികളിലേക്ക് കടക്കരുതെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
എഡി 1390-ൽ നിർമിച്ച ഷാഹി മസ്ജിദ് നഗരത്തിലെ തന്നെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങളിൽ ഒന്നാണെന്ന് പള്ളിയിലെ ഇമാം മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. റോഡ് വികസനത്തോട് പൂർണമായി സഹകരിക്കാൻ പ്രദേശവാസികൾ തയാറാണെന്നും എന്നാൽ, പുരാതന നിർമിതിയായ മസ്ജിദിന്റെ ചെറിയൊരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചാൽപ്പോലും 120 അടി ഉയരമുള്ള മിനാരവും പ്രധാന പ്രാർഥനാ ഹാളും അടങ്ങുന്ന മുഴുവൻ കെട്ടിടവും തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമീപത്തെ തുറസ്സായ സ്ഥലങ്ങളോ തോട്ടങ്ങളോ ഉപയോഗപ്പെടുത്തി റോഡ് വികസനത്തിന് ബദൽ പാത കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിമർശനവുമായി ഉവൈസി | Ujjain Shahi Masjid Demolition Protest
ഷാഹി മസ്ജിദ് പൊളിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ഇത്തരമൊരു രീതിയിലൂടെ പള്ളികൾ തകർക്കാൻ ആർക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ കളക്ടർമാർക്കും സർക്കാരുകൾക്കും അമിതാധികാരം നൽകുന്നത് പള്ളികളും ദർഗകളും ഈദ്ഗാഹുകളും ഖബർസ്ഥാനുകളും മുസ്ലിംകളിൽനിന്ന് പിടിച്ചെടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന് താൻ പാർലമെന്റിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉവൈസി ഓർമിപ്പിച്ചു.
കുംഭമേളയുടെ തയ്യാറെടുപ്പുകൾക്ക് അധികം സമയമില്ലാത്തതിനാൽ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ തീരുമാനമെങ്കിലും, പ്രതിഷേധം ശക്തമായതോടെ പ്രദേശം അതീവ ജാഗ്രതയിലാണ്.