30/09/2026
[fontresizer_tawhidurrahmandear_widget]

വിമാനദുരന്തം തടഞ്ഞ ഫ്ലൈ ദുബൈ ക്യാപ്റ്റൻ ഇന്ത്യക്കാരൻ; മുംബൈ സ്വദേശി സ്മിത് മച്ചാർ

 വിമാനദുരന്തം തടഞ്ഞ ഫ്ലൈ ദുബൈ ക്യാപ്റ്റൻ ഇന്ത്യക്കാരൻ; മുംബൈ സ്വദേശി സ്മിത് മച്ചാർ

മുംബൈ: ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം ധീരതയോടെ നേരിട്ട് വൻ ദുരന്തം ഒഴിവാക്കി മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ. കോക്‌പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ കുത്തേറ്റെങ്കിലും, ചെറുത്തുതോൽപ്പിച്ച് 180-ലധികം യാത്രക്കാരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചത്.

ദുബൈയിൽനിന്നു പുറപ്പെട്ട് ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേയാണ് സംഭവം. ഒമാൻ സ്വദേശിയായ സഹപൈലറ്റ് കത്തികൊണ്ട് ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് തകർക്കാനായിരുന്നു സഹപൈലറ്റിന്റെ ശ്രമം. വിമാനം താഴേക്ക് പതിക്കുന്നതിനിടെ പരിക്കേറ്റ നിലയിലും സ്മിത് അക്രമിയെ ചെറുത്തു. തുടർന്ന്, മുൻനിരയിലിരുന്ന ഇസ്രയേലി യാത്രക്കാർ കോക്‌പിറ്റിൽ പ്രവേശിച്ച് സഹപൈലറ്റിനെ കീഴ്പ്പെടുത്തി പുറത്താക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ ഉടൻതന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി. ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ദന്തഡോക്ടറാണ് അടിയന്തര പ്രാഥമിക ചികിത്സ നൽകിയത്. പിന്നീട് സ്മിത്തിനെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റി.

2022 ജൂൺ മുതൽ ഫ്ലൈ ദുബൈയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്ന സ്മിത് മച്ചാറിന് 9,750 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ട്. ഇതിനുമുമ്പ് മുംബൈയിലെ സ്പൈസ് ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും 11 വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Also read: