20/10/2026
[fontresizer_tawhidurrahmandear_widget]

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി ‘നരേന്ദ്ര മോദി രാജ്യാന്തര വിമാനത്താവളം’

 നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി ‘നരേന്ദ്ര മോദി രാജ്യാന്തര വിമാനത്താവളം’

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപം ജെവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റാൻ തീരുമാനം. വിമാനത്താവളം ഇനിമുതൽ ‘നരേന്ദ്ര മോദി രാജ്യാന്തര വിമാനത്താവളം, നോയിഡ്-ജെവാർ’ എന്നറിയപ്പെടും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

ഉത്തർപ്രദേശിന്റെ വികസനത്തിന് പ്രധാനമന്ത്രി നൽകിയ വലിയ സംഭാവനകൾ മാനിച്ചാണ് നാമകരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളവും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രവുമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 നവംബർ 26-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന് തറക്കല്ലിട്ടത്. ജൂൺ 15-ന് ലഖ്നൗവിൽ നിന്നെത്തിയ ഇൻഡിഗോ സർവീസോടുകൂടിയാണ് ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഏകദേശം 11,282 കോടി രൂപ ചെലവിൽ നിർമ്മിച്ച വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഭാവിയിൽ ഇത് പ്രതിവർഷം 7 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 1.38 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ, 48 ചെക്ക്-ഇൻ കൗണ്ടറുകൾ, ഡിജിയാത്ര ബയോമെട്രിക് പ്രോസസിങ്, അത്യാധുനിക കാർഗോ ഹബ്, സൗരോർജ ഉൽപാദന സംവിധാനങ്ങൾ തുടങ്ങി ലോകോത്തര സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമാണിത്.

Also read: