19/10/2026
[fontresizer_tawhidurrahmandear_widget]

സ്റ്റാർലിങ്ക് തർക്കം: ബിജെപിയുടെ പ്രചാരണങ്ങൾക്ക് പിന്നിലെ റിലയൻസ് ബന്ധവും ഫണ്ടിങ്ങും പുറത്തുവിട്ട് മസ്ക്

 സ്റ്റാർലിങ്ക് തർക്കം: ബിജെപിയുടെ പ്രചാരണങ്ങൾക്ക് പിന്നിലെ റിലയൻസ് ബന്ധവും ഫണ്ടിങ്ങും പുറത്തുവിട്ട് മസ്ക്

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പ്രമുഖ വ്യവസായി ഈലോൺ മസ്ക്. ബിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് റിലയൻസ് ഫണ്ട് ചെയ്യുന്ന സ്ഥാപനം സഹായം നൽകിയെന്ന റിപ്പോർട്ടുകളുടെയും, ഭരിക്കുന്ന പാർട്ടിക്ക് റിലയൻസുമായി ബന്ധപ്പെട്ട കമ്പനി വലിയ തുക സംഭാവന നൽകിയെന്ന വാർത്തകളുടെയും സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് മസ്ക് പുതിയ പോസ്റ്റ് ഇട്ടത്.

2022-ൽ അൽ ജസീറ പ്രസിദ്ധീകരിച്ച “ഫേസ്ബുക്കിൽ ബിജെപി പ്രചാരണങ്ങളെ റിലയൻസ് ഫണ്ട് ചെയ്യുന്ന സ്ഥാപനം എങ്ങനെയെല്ലാം സഹായിക്കുന്നു” എന്ന റിപ്പോർട്ടും, ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് 385 കോടി രൂപയും ശിവസേനയ്ക്ക് 25 കോടിയും ക്വിക് സപ്ലൈ എന്ന കമ്പനി നൽകിയെന്ന 2024-ലെ ഇന്ത്യൻ എക്സ്പ്രസ് വാർത്തയുമാണ് മസ്ക് പങ്കുവെച്ചത്.

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നത് വൈകുന്ന പശ്ചാത്തലത്തിലാണ് മുകേഷ് അംബാനിക്കെതിരെ മസ്ക് ആവർത്തിച്ച് വിമർശനം ഉന്നയിക്കുന്നത്. മസ്കിന്റെ ആരോപണങ്ങളോട് റിലയൻസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ടെലികോം സേവനങ്ങൾക്കുള്ള അനുമതി നൽകുന്ന രീതി തികച്ചും “ന്യായവും വിവേചനരഹിതവുമാണെന്നും”, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വെച്ച് സാറ്റലൈറ്റ് സേവനങ്ങളെക്കുറിച്ചുള്ള തർക്കത്തെപ്പറ്റി ചോദിച്ചപ്പോൾ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാഷ് അംബാനി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മുകേഷ് അംബാനിയെ “പ്രധാനമന്ത്രി അംബാനി” എന്ന് അഭിസംബോധന ചെയ്ത മസ്ക്, അദ്ദേഹം വിപണിയിലെ കുത്തക നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു. “പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയിലെ യഥാർത്ഥ ബോസ് എന്ന് മനസ്സിലാക്കാൻ വൈകിയതിൽ എന്റെ എളിയ ക്ഷമാപണം സ്വീകരിക്കുക. സ്വാഭാവികമായും, ഇന്ത്യയിലെ മഹാന്മാരായ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള നിങ്ങളുടെ കുത്തക നിലനിർത്താനായിരിക്കും നിങ്ങൾക്ക് താല്പര്യം. എങ്കിലും സ്റ്റാർലിങ്കിന് മത്സരിക്കാൻ നിങ്ങൾ അനുവാദം നൽകുമോ?” എന്ന് മസ്ക് എക്സിൽ കുറിച്ചു.

എന്നാൽ, ഇന്ത്യ ഒരു മേഖലയിലും കുത്തക അനുവദിക്കില്ലെന്ന് കേന്ദ്ര വാണിജ്യ-വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഇതിനോടകം തന്നെ മൂന്ന് കമ്പനികൾക്ക് സാറ്റലൈറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് നൽകിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനകൾക്ക് ശേഷം അവർക്ക് പ്രവർത്തനം തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. മസ്കിന്റെ സ്റ്റാർലിങ്ക്, ജിയോ സാറ്റ്‌കോം, ഭാരതി പിന്തുണയുള്ള യൂട്ടൽസാറ്റ് വൺവെബ് എന്നിവയ്ക്കാണ് ലൈസൻസ് ലഭിച്ചിട്ടുള്ളത്.

വിഷയത്തിൽ കോൺഗ്രസിനെതിരെയും സിന്ധ്യ വിമർശനം ഉന്നയിച്ചു. “കോൺഗ്രസിന്റെ കാര്യമെടുത്താൽ, അവർ ഇടത്തോട്ടാണോ വലത്തോട്ടാണോ പോകുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് തോന്നുന്നു. ഒരു വ്യക്തിക്ക് ലൈസൻസ് ലഭിക്കുന്നതിൽ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചവർ, ഇപ്പോൾ അയാൾക്ക് എന്തുകൊണ്ട് ലൈസൻസ് കിട്ടുന്നില്ലെന്ന് ചോദിച്ച് അയാളോടൊപ്പം നിൽക്കുകയാണ്,” സിന്ധ്യ പരിഹസിച്ചു.

5 വർഷമായി ഇന്ത്യയിലെ എല്ലാ നിയമങ്ങളും പാലിച്ചിട്ടും സ്റ്റാർലിങ്കിന് എന്തുകൊണ്ടാണ് ഇതുവരെ ലൈസൻസ് നൽകാത്തതെന്ന് മസ്ക് ചോദ്യം ചെയ്തിരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പഠനത്തിനും ബിസിനസ്സിനും മികച്ച ഇന്റർനെറ്റ് നൽകാനും പ്രകൃതിദുരന്ത സമയങ്ങളിൽ ജീവൻ രക്ഷിക്കാനും സ്റ്റാർലിങ്കിന് സാധിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

Also read: