‘കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്’: വി.ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്നും സംസ്ഥാനത്തിന്റെ ശക്തമായ മതേതര പാരമ്പര്യമാണ് അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് പ്രധാന തടസ്സമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബിജെപിയെയും അതിന്റെ ദേശീയ നേതൃത്വത്തെയും പൂർണമായും നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സംഘപരിവാറോ ഉയർത്തുന്ന വെല്ലുവിളികൾ മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന് ഭീഷണിയല്ലെന്നും പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷൻ ഭരണവും മൂന്ന് നിയമസഭാ സീറ്റുകളും നേടി ബിജെപി ഉണ്ടാക്കിയ മുന്നേറ്റം കേരള രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവത്തിൽ വന്ന മാറ്റമല്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പരാജയങ്ങളും ഇരുപാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ് ബിജെപിക്ക് ഈ നേട്ടം സമ്മാനിച്ചത്. സിപിഎം വെള്ളിത്തളികയിൽ വെച്ചുനൽകിയ സമ്മാനത്തിന് വാർഡ് വിഭജനത്തിലെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിലെ അപാകതകളും തുണയായി. നേമം ഒഴികെയുള്ള രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സിപിഎം സീറ്റുകൾ അടിയറവ് വെക്കുകയായിരുന്നു.
വർഗീയ ധ്രുവീകരണത്തിലൂടെ വോട്ടർമാരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും ബിജെപിക്ക് സംസ്ഥാനത്ത് പരമാവധി 15 മുതൽ 20 ശതമാനം വരെ വോട്ട് മാത്രമേ നേടാനാകൂ. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിലടക്കം വർഗീയ രാഷ്ട്രീയത്തിനെതിരെ ഉറച്ച മതേതര നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. നരേന്ദ്ര മോദിയുടെ ജനപ്രീതിയും ആർഎസ്എസിന്റെ സംഘടനാ സംവിധാനവുമാണ് ബിജെപിയുടെ സ്വാധീനത്തിന് പിന്നിൽ.
ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപി നടത്തുന്ന നീക്കങ്ങൾ പരാജയപ്പെട്ടു. ഹിന്ദു സമൂഹവും വലിയ തോതിൽ മതേതര നിലപാട് പുലർത്തുന്നവരാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഭരണനേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെങ്കിലും, ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാൻ വിദ്വേഷം വിതറുന്ന ബിജെപി സഞ്ചരിക്കുന്നത് ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് പാതയിലൂടെയാണെന്നും വി.ഡി സതീശൻ വിമർശിച്ചു.