പാറ്റകൾക്ക് പിന്നാലെ ഈച്ച; പുതിയ പരാമർശം, പുതിയ പാർട്ടി- വൈറലായി എംജെപി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ കൂടി ശ്രദ്ധ നേടുന്നു. കോക്ക്റോച്ച് ജനതാ പാർട്ടിക്ക് പിന്നാലെയാണ് ‘മക്കി ജനതാ പാർട്ടി’ (എംജെപി) എന്ന പേരിൽ പുതിയ കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹിന്ദിയിൽ ‘മക്കി’ എന്നാൽ ഈച്ച എന്നാണർത്ഥം.
ചുരുങ്ങിയ സമയം കൊണ്ടാണ് എംജെപിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ലഭിച്ചത്. 72 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷത്തിലധികം കാഴ്ചക്കാരെയും 3.3 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും നേടിയതായി ഇന്നലെ പാർട്ടി അവകാശപ്പെട്ടു. ആര്യൻ എന്ന വിദ്യാർത്ഥിയാണ് സംഘടനയുടെ സ്ഥാപകൻ എന്നാണ് ഇൻസ്റ്റാഗ്രാം പേജിൽ വ്യക്തമാക്കുന്നത്. കൂടാതെ, പാർട്ടിക്കായി വക്താക്കളെ തേടുന്നുണ്ടെന്നും പേജിൽ സ്റ്റോറികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ പ്രകാരം 2021 ജൂണിൽ ആരംഭിച്ച പേജ്, ‘മക്കി ജനതാ പാർട്ടി’ എന്ന പേര് സ്വീകരിക്കുന്നതിന് മുൻപ് എട്ട് തവണ യൂസർനെയിം മാറ്റിയിട്ടുണ്ട്.
ഡൽഹിയിൽ ഒക്ടോബർ 10ന് നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് മുന്നോടിയായുള്ള സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതി നിരീക്ഷണമാണ് ഈ പേരിന് കാരണം. ഒക്ടോബർ 9ന് കേസ് പരിഗണിക്കുന്നതിനിടയിൽ, “ഒരു ഈച്ചയെ കൊല്ലാൻ അധികാരികൾക്ക് ചുറ്റിക ഉപയോഗിക്കാൻ കഴിയില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാമെങ്കിലും മൊത്തത്തിലുള്ള സംവിധാനങ്ങൾ പൂർണമായി സ്തംഭിപ്പിക്കാൻ കഴിയില്ലെന്ന കോടതി നിരീക്ഷണമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയത്.