ആംബുലൻസ് ഡ്രൈവറുമായുള്ള സൗഹൃദം വിലക്കി; വിസ്മയയ്ക്ക് ശ്വാസംവിടാൻ ഇടംനൽകാതെ വിജേഷ്, വലപ്പാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശൂർ: വലപ്പാട് ബീച്ചിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിസ്മയയും ഭർത്താവ് വിജേഷും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും അതിന്റെ കാരണങ്ങളുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വിജേഷിന്റെ സംശയവും ഇരുവരും തമ്മിലുള്ള അകൽച്ചയും വലുതായതോടെ വ്യാഴാഴ്ച പുലർച്ചെ വിജേഷ് വിസ്മയയേയും നാലുവയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വിസ്മയയുടെ സുഹൃത്തിനെക്കുറിച്ചുള്ള സംശയവും കൊലപാതകത്തിന് കാരണമായെന്നാണ് വിവരം. വിസ്മയയ്ക്ക് 18 വയസുള്ളപ്പോഴാണ് ലോറി ഡ്രൈവറായ വിജേഷുമായുള്ള വിവാഹം നടക്കുന്നത്. വിജേഷ് വിസ്മയയെക്കാൾ 20 വയസ് മൂത്തവനായിരുന്നു. പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ തുടക്കം മുതൽ ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു.
വിസ്മയ ഭർത്താവിന്റെ വീട്ടിൽ അധികകാലം താമസിച്ചിരുന്നില്ല. വലപ്പാട്ടെ സ്വന്തം വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് വിസ്മയ കഴിഞ്ഞിരുന്നത്. വിജേഷ് ആഴ്ചയിൽ രണ്ടുദിവസം ഇവിടെയെത്തുകയാണ് പതിവ്. വഴക്ക് പതിവായതോടെ വിസ്മയ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങി. വീട്ടുകാർക്കും അതിനോട് യോജിപ്പുണ്ടായിരുന്നു. എന്നാൽ, വൈകി വിവാഹം കഴിച്ചതിനാൽ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയാറല്ല എന്നായിരുന്നു വിജേഷിന്റെ നിലപാട്.
ആംബുലൻസ് ഡ്രൈവറായ ഉറ്റസുഹൃത്ത്
രോഗിയായ അച്ഛനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ആംബുലൻസ് ഡ്രൈവറായ യുവാവിനെ വിസ്മയ പരിചയപ്പെടുന്നത്. തുടർന്ന് അവർ ഉറ്റ സുഹൃത്തുക്കളായി. എന്നാൽ, രണ്ടാഴ്ച മുമ്പ് ഈ സുഹൃത്തിന്റെ വിവാഹം കഴിഞ്ഞതോടെ വിസ്മയ മാനസിക വിഷമത്തിലായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടുകയും ചെയ്തു. കൗൺസിലിങ് ഉൾപ്പെടെയുള്ള സൗകര്യത്തിനായി സ്ത്രീകളെ പാർപ്പിക്കുന്ന ‘സഖി’ കേന്ദ്രത്തിലേക്ക് മാറാൻ വിസ്മയയുടെ അമ്മയും സഹോദരനും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സുഹൃത്തുമായുള്ള ബന്ധത്തിൽ വിസ്മയയുടെ സഹോദരനും അസ്വസ്ഥനായിരുന്നു. വിജേഷും വിസ്മയയും തമ്മിലുള്ള പ്രശ്നങ്ങളും വിസ്മയയും സഹോദരനും തമ്മിലുള്ള അകൽച്ചയും കൂടിവന്നു. പ്രശ്നം രൂക്ഷമായതോടെ രണ്ടു വീട്ടുകാരും വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തി. വിസ്മയയെ ‘സഖി’യിലേക്ക് മാറ്റാൻ രണ്ടു വീട്ടുകാരും പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും വിസ്മയ അത് എതിർത്തു. നിർബന്ധിച്ച് ‘സഖി’ കേന്ദ്രത്തിലേക്ക് അയക്കാൻ പൊലീസിന് നിയമതടസ്സമുണ്ടായിരുന്നു. ഒടുവിൽ പ്രശ്നങ്ങളില്ലാതെ സ്വന്തം വീട്ടിൽതന്നെ താമസിക്കാമെന്ന ധാരണയിൽ ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങി.
അർധരാത്രിയിലെ ക്രൂരകൃത്യം
പൊലീസ് സ്റ്റേഷനിൽ നിന്ന് വിജേഷും വിസ്മയയുടെ വീട്ടിലേക്കാണ് പോയത്. ഉറങ്ങാൻ കിടക്കുംവരെ മറ്റ് പ്രശ്നങ്ങളോ വഴക്കോ ഉണ്ടായിരുന്നില്ലെന്ന് വിസ്മയയുടെ അമ്മ പറയുന്നു. എന്നാൽ, അർധരാത്രി കഴിഞ്ഞപ്പോഴാണ് മുറിയിൽ നിന്ന് ബഹളം കേട്ടത്. എന്താണ് പ്രശ്നമെന്ന് ചോദിച്ച് സഹോദരൻ വാതിൽ തുറന്നു. ഈ സമയം അലമാരയിൽ സൂക്ഷിച്ച മൂർച്ചയേറിയ ബ്ലേഡ് എടുത്ത് വിജേഷ് വിസ്മയയുടെ കഴുത്തിൽ ആഴത്തിൽ വരഞ്ഞു. പരിഭ്രാന്തിയിലായ സഹോദരൻ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. തുടർന്ന് വിസ്മയ പിടഞ്ഞ് പുറത്തേക്കോടി.
ഉടൻതന്നെ വാതിലടച്ച വിജേഷ് നാലു വയസുകാരൻ മകൻ ദക്ഷിനെയും കഴുത്തറുത്തു കൊല്ലുകയായിരുന്നു. പിന്നാലെ സ്വന്തം കഴുത്തിലും വരഞ്ഞ് ജീവനൊടുക്കാൻ ശ്രമിച്ചു.
വിസ്മയയെ മനസ്സിലാക്കാൻ വിജേഷിന് കഴിഞ്ഞിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും സംശയദൃഷ്ടിയോടെയാണ് അദ്ദേഹം കണ്ടിരുന്നതെന്നും ഉറ്റബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വിസ്മയയുടെ സുഹൃദ്ബന്ധങ്ങൾ തടയുകയും ആൺസുഹൃത്തുക്കളോട് സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുള്ള തർക്കങ്ങൾ പിന്നീട് വൈരാഗ്യമായി മാറി. അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വിവാഹബന്ധം വേർപ്പെടുത്തി മറ്റൊരു ജീവിതം വിസ്മയ ആഗ്രഹിച്ചിരുന്നുവെങ്കിലും, അതിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു വിജേഷ്. കടുത്ത മാനസിക സമ്മർദം നേരിട്ട വിസ്മയയ്ക്ക് പിടിച്ചുനിൽക്കാനാകാതെ വന്നതോടെയാണ് ചികിത്സ തേടേണ്ടി വന്നത്.