‘ഇത് ഭരണകൂട ഭീകരതയും പോലീസ് സ്പോൺസേർഡ് നരനായാട്ടും, അധികകാലം തുടരാനാവില്ല’; സിജെപി നേതാക്കളുടെ തടങ്കലിൽ രൂക്ഷവിമർശനവുമായി മമത ബാനർജി
കൊൽക്കത്ത: സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഈ നടപടിയെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരതയെന്നും പോലീസ് നരനായാട്ട് എന്നുമാണ് അവർ വിശേഷിപ്പിച്ചത്. ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്ന യുവാക്കളെ വേട്ടയാടുന്നത് കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും, കസ്റ്റഡി നീട്ടിയ ഇരു നേതാക്കളെയും അടിയന്തരമായി വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹിയിലെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവർക്കും തിങ്കളാഴ്ച രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നു.
ഇതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മമത കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനാധിപത്യത്തിന് നേരെ നിരന്തരം ആക്രമണം നടത്തുന്ന അപകടകരമായ വൈറസാണിതെന്നും, യുവനേതാക്കളുടെ തടങ്കൽ ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകാൻ ഭരണകൂടം ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. കൊൽക്കത്ത മുതൽ ഡൽഹി വരെയും മുംബൈ വരെയുമുള്ള ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ സമാനതകളില്ലാത്ത തലത്തിലെത്തിയെന്നും, ഈ ഭരണകൂട ഭീകരത അധികകാലം തുടരാനാകില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ സ്മരിച്ച മമത, അന്ധരും അഹങ്കാരികളുമായ ഭരണാധികാരികൾക്കെതിരെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ ജനങ്ങൾ വിജയം നേടുമെന്നും കൂട്ടിച്ചേർത്തു.
വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷനെതിരായ സമരങ്ങൾക്കിടെ, പ്രതിഷേധ മേഖലയെന്ന പദവി ഒഴിവാക്കിയ ജന്തർ മന്തറിലെ ഗേറ്റ് ചാടിക്കടന്നുവെന്ന് ആരോപിച്ചാണ് ഒക്ടോബർ 13-ന് സൗരവ് ദാസിനെയും അശുതോഷിനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ പതാകയേന്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെയായിരുന്നു ഈ അറസ്റ്റ്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് തിങ്കളാഴ്ച വീണ്ടും കസ്റ്റഡി നീട്ടിയത്.
നേതാക്കൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ വ്യക്തമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ജാമ്യക്കാരെ പോലീസ് ബോധപൂർവം തള്ളുകയാണെന്ന് സി.ജെ.പി നേതൃത്വം ആരോപിച്ചു. അതിനിടെ, നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിച്ച സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അജ്ഞാതരിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇരു നേതാക്കളെയും ബുധനാഴ്ച വീണ്ടും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.