‘കേന്ദ്രസർക്കാർ മറുപടി പറയണം, നിയമവാഴ്ചയിൽ വലിയ ആശങ്ക’: സിജെപിയെ പിന്തുണച്ച് കെ. അണ്ണാമലൈ
ചെന്നൈ: സിജെപി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
നേതാക്കൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിജെപിയുടെ പ്രതിഷേധ രീതികളോട് പൂർണമായി യോജിക്കുന്നില്ലെങ്കിലും, അവർ ഉയർത്തുന്ന ഉന്നതമായ ചോദ്യങ്ങളിൽ താൻ സിജെപിയെ പിന്തുണയ്ക്കുന്നു. പ്രക്ഷോഭകരെ ദീർഘകാലം തടങ്കലിൽ വെക്കുന്നത് അവരെ ദുർബലപ്പെടുത്തുന്നതിന് പകരം കൂടുതൽ ശക്തരാക്കുകയേ ഉള്ളൂവെന്നും പൊലീസിന്റെ നടപടി തിരിച്ചടിയാകുമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
നിർദ്ദിഷ്ട മണ്ഡല പുനർനിർണയ പ്രക്രിയയിൽ പൂർണ സുതാര്യതയും നീതിയും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പ്രാതിനിധ്യം 50 ശതമാനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ ഉറപ്പ് പുതിയ ബില്ലിൽ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ അണ്ണാമലൈ സ്വാഗതം ചെയ്തു. ഇന്ത്യയിൽ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ഥാനമില്ലെന്ന് കരുതുന്നവർ തെറ്റായ ധാരണയിലാണ് ജീവിക്കുന്നതെന്ന ഭാഗവതിന്റെ നിരീക്ഷണം സ്വാഗതാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.