ലക്ഷണങ്ങളില്ലാതെ നിങ്ങളെ തേടിയെത്തുന്ന വൃക്കരോഗം; സുരക്ഷിതരായിരിക്കാൻ ഈ 3 ടെസ്റ്റുകൾ ചെയ്യൂ
പ്രാരംഭ ഘട്ടത്തിൽ വലിയ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ വരാവുന്ന ഒന്നാണ് വൃക്കരോഗങ്ങൾ. അതിനാൽ ഒരാൾ പുറമെ പൂർണ ആരോഗ്യവാനായി കാണപ്പെടുന്നു എന്നതിനർത്ഥം അവരുടെ വൃക്കകൾ കൃത്യമായി പ്രവർത്തിക്കുന്നു എന്നല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗം ഗുരുതരമാകുന്നതിന് മുൻപ് തന്നെ ലളിതമായ ചില പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകുമെന്ന് താനെ കിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി & കിഡ്നി ട്രാൻസ്പ്ലാൻറ് കൺസൾട്ടന്റ് ഡോ. ചൈത്രലി ഗാവ്ഡെ വ്യക്തമാക്കുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ
കണ്ണുകൾക്ക് ചുറ്റുമോ കണങ്കാലിലോ ഉണ്ടാകുന്ന വീക്കം, മൂത്രത്തിന്റെ അളവിലോ ആവൃത്തിയിലോ ഉള്ള മാറ്റങ്ങൾ, നുരയോടുകൂടിയ മൂത്രം, മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, സ്ഥിരമായ ക്ഷീണം, ഓക്കാനം, വിശപ്പില്ലായ്മ, കാരണം വ്യക്തമല്ലാത്ത ചൊറിച്ചിൽ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയാണ് ശ്രദ്ധിക്കേണ്ട പ്രാഥമിക ലക്ഷണങ്ങൾ. മൂത്രത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും നിസാരമായി കാണരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന രക്തസമ്മർദ്ദം വൃക്ക തകരാറിന് കാരണമാകാം, അതേസമയം വൃക്ക രോഗങ്ങൾ രക്തസമ്മർദ്ദം വർധിപ്പിക്കാനും ഇടയാക്കും.
3 പ്രധാന പരിശോധനകൾ
- സെറം ക്രിയാറ്റിനിൻ, eGFR: രക്തത്തിലെ മാലിന്യമായ ക്രിയാറ്റിനിന്റെ അളവും, വൃക്കകൾ എത്രത്തോളം കൃത്യമായി മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നുവെന്ന് കാണിക്കുന്ന eGFR നിരക്കും രക്തപരിശോധനയിലൂടെ അറിയാം. പ്രായം, പേശിബലം എന്നിവ ഈ അളവുകളെ സ്വാധീനിക്കാം.
- മൂത്രത്തിലെ ആൽബുമിൻ-ക്രിയേറ്റിനിൻ അനുപാതം (UACR): മൂത്രത്തിലൂടെ പ്രോട്ടീൻ ചോരുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയാണിത്. വൃക്കകളുടെ പ്രവർത്തനത്തിൽ വലിയ തകരാറുകൾ ദൃശ്യമാകുന്നതിന് മുൻപ് തന്നെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കും.
- രക്തസമ്മർദ്ദ പരിശോധന: വൃക്കരോഗ സാധ്യത അറിയാനും നിലവിലെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും രക്തസമ്മർദ്ദ പരിശോധന അനിവാര്യമാണ്.
ആരൊക്കെ പരിശോധിക്കണം?
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗം, കുടുംബത്തിൽ വൃക്കരോഗ ചരിത്രമുള്ളവർ, കൃത്യമായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഇടയ്ക്കിടെ വൃക്ക പരിശോധനകൾ നടത്തേണ്ടതാണ്. മറ്റുള്ളവർക്ക് സാധാരണ ആരോഗ്യ പരിശോധനകളുടെ ഭാഗമായി ഇവ ഉൾപ്പെടുത്താം. കേവലം ലക്ഷണങ്ങളെ മാത്രം ആശ്രയിക്കാതെ ഈ മൂന്ന് പരിശോധനകളും കൃത്യമായി നടത്തുന്നതിലൂടെ വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കാൻ സാധിക്കും.