‘അമിതവേഗതയില്‍ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് കൊലപാതകം; ഒരു സ്വാധീനത്തിനും വഴങ്ങില്ല’: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിലെ നിയമനടപടികളിൽ ആരുടെയും സ്വാധീനത്തിന് വഴങ്ങില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അമിതവേഗതയിൽ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് കൊലപാതകമാണെന്നും പ്രതികൾ എത്ര ഉന്നതരായാലും നിയമത്തിന് വിധേയമായി നടപടികൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടക്കേസിൽ പ്രതിയായ 17-കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി, സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകി.
“നിരപരാധികളായി റോഡിലൂടെ നടന്നുപോകുന്ന ആളുകളെ വണ്ടിയിടിച്ച് കൊല്ലുക എന്നത് വാസ്തവത്തിൽ കൊലപാതകമാണ്. അതിന് ആരുടെയും സമ്മർദത്തിന് വഴങ്ങില്ലെന്ന് ഞാൻ ഉറപ്പുനൽകാം. എത്ര ഉന്നതരാണെങ്കിലും ഇത്തരം നടപടികൾ നിയമത്തിന് വിധേയമായി മുന്നോട്ടുപോകും. പ്രതികളെ രക്ഷിക്കാൻ ആരും മുന്നോട്ടുവരില്ല”-ചെന്നിത്തല പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.