‘ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സർക്കാർ എല്ലാ തന്ത്രങ്ങളും നടത്തുന്നു’; വോട്ട് മോഷണത്തിനെതിരെ ‘ദില്ലി ചലോ’ മാർച്ച് പ്രഖ്യാപിച്ച് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ എല്ലാ തന്ത്രങ്ങളും നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ടർ പട്ടിക പരിഷ്കരണത്തിന് ഉപയോഗിച്ച സോഫ്റ്റ്വെയറിന്റെ വിവരങ്ങൾ ‘വ്യാപാര രഹസ്യം’ ആണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് ഖാർഗെയുടെ വിമർശനം.
വോട്ട് മോഷണത്തിനെതിരെ നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ജനകീയ റാലിയിലേക്കും ‘ദില്ലി ചലോ’ മാർച്ചിയിലേക്കും അണിനിരക്കാൻ ജനങ്ങളോട് ഖാർഗെ ആഹ്വാനം ചെയ്തു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകൾ നടന്നതായി അദ്ദേഹം ആരോപിച്ചു. 16.18 ലക്ഷം പുതിയ വോട്ടർമാരുടെ അപേക്ഷാ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നും, പിലിഭിത്തിൽ മാത്രം 10,470 വോട്ടർമാരുടെ വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി ബന്ധപ്പെട്ട 2023-ലെ നിയമം റദ്ദാക്കണമെന്നുമാണ് ഇന്ത്യ മുന്നണിയുടെ പ്രധാന ആവശ്യങ്ങൾ. വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കണമെന്നും, വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തവരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. വരും തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക പരിഷ്കരണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ വിവരങ്ങൾ കമ്മീഷൻ മറച്ചുവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം, പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം തുടരുകയാണ്.
മോദി എവിടെയും പോകില്ലെന്ന് സദസ്സിലൊരാൾ; ‘മോദിയുടെ തന്തക്ക് വരെ...
24 hours ago