‘ഇന്ദിരാ ഗാന്ധിയോട് പോലും എതിരാളികൾ ഈ ഭാഷ ഉപയോഗിച്ചിട്ടില്ല, ഖാർഗെക്ക് ഭ്രാന്താണ്’; വിവാദ പരാമർശത്തിൽ ഖാർഗെക്കെതിരെ കേന്ദ്രമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടർച്ചയായി വിമർശിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് ഭ്രാന്താണെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്. പറ്റ്നയിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ‘മോദി രാജി വയ്ക്കില്ല’ എന്ന് പറഞ്ഞ ബി.ജെ.പി അനുഭാവിയോട് ‘മോദിയുടെ അച്ഛനായാലും രാജിവയ്ക്കും’ എന്ന് ഖാർഗെ തിരിച്ചുപറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കോൺഗ്രസ് അധ്യക്ഷൻ രാഷ്ട്രീയമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് ജെ.ഡി.യു നേതാവ് കൂടിയായ രാജീവ് രഞ്ജൻ സിങ് (ലല്ലൻ സിങ്) കുറ്റപ്പെടുത്തി.
“ഒന്നുകിൽ പ്രായം ഖാർഗെയെ വല്ലാതെ ബാധിച്ചിരിക്കുന്നു, അല്ലെങ്കിൽ അദ്ദേഹത്തിന് മനോനില തെറ്റിയിരിക്കുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷന് എങ്ങനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരം ഭാഷയിൽ സംസാരിക്കാൻ കഴിയുന്നത്. ചിന്തിക്കാൻ പോലും പ്രയാസമാണ്. കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിമാരായിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിക്കെതിരെ പോലും രാഷ്ട്രീയ എതിരാളികൾ ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രതിപക്ഷനേതാക്കൾക്ക് ഇതെന്തുപറ്റി?”-പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളോട് ലല്ലൻ സിങ് ചോദിച്ചു.
കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം തുടരുന്നതിനെയും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധി ദർഭംഗയിൽ പോയി മോദിയുടെ അമ്മയെ അപമാനിച്ചെന്നും മറ്റൊരവസരത്തിൽ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇങ്ങനെ സംസാരിച്ചിട്ടാണോ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരാൻ പോകുന്നതെന്നും ജനങ്ങൾ അതനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. എന്തെങ്കിലും അബദ്ധം പറ്റി കോൺഗ്രസിനെ തിരിച്ചുവിളിച്ചാൽ രാഹുൽ ഗാന്ധി ഇന്ത്യയെ അടിയന്തരാവസ്ഥയെക്കാൾ മോശം സാഹചര്യത്തിൽ കൊണ്ടെത്തിക്കുമെന്നും സിങ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന് മല്ലികാർജുൻ ഖാർഗെ മാപ്പുപറയണമെന്നും അദ്ദേഹത്തിന്റെ പരാമർശം അത്യന്തം അപലപനീയമാണെന്നും ലല്ലൻ സിങ് ആവശ്യപ്പെട്ടു.
മോദി എവിടെയും പോകില്ലെന്ന് സദസ്സിലൊരാൾ; ‘മോദിയുടെ തന്തക്ക് വരെ...
22 hours ago